വിവാഹേതര ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

News Desk
1 Min Read

ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല മൃതദേഹത്തിൽ നിന്നും വേർപെട്ട നിലയിലായിരുന്നു.

പ്രതിയായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായിരുന്നു. തന്റെ കുടുംബവീട് വിറ്റ് ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികൾ.

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അവർ ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് നിരന്തരം സംശയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. രാത്രി നഗ്മ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ്, പർവേസ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. കൊലപാതകത്തിനു ശേഷം പർവേസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ആയിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചുകിടന്ന മൃതശരീരമാണ് വീട്ടിൽ കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നഗ്മയെ ഭർത്താവ് ക്രൂരമായ പീഡനങ്ങൾക്കും മർദനങ്ങൾക്കും ഇരയാക്കിയിരുന്നതായി ഇരയുടെ സഹോദരി സബ്ബോ ആരോപിച്ചു. ‘‘അവൻ അവളുടെ കഴുത്തറുക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു, ഒടുവിൽ അവൻ അത് ചെയ്തു. അവന്റെ സഹോദരിമാർക്കും അമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഒരു സഹോദരിയും അളിയനും തൊട്ടടുത്ത മുറിയിലാണ് ഉറങ്ങിയിരുന്നത്. ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു’’– സബ്ബോ പറഞ്ഞു.

പർവേസ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി നഗ്മയുടെ അമ്മ സാഹിദയും ആരോപിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി മകളെ കൊല്ലുമെന്നും കഴുത്തറുക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഭർത്താവിനെ കൂടാതെ അമ്മായിയമ്മയും മൂന്ന് നാത്തൂന്മാരും ചേർന്ന് തന്റെ മകളെ പീഡിപ്പിച്ചിരുന്നതായും സാഹിദ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!