ഇരട്ടി മധുരവുമായി ഹൽവ തൈമ ഈന്തപ്പഴം വിപണിയിൽ
തബൂക്ക്: രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി തബൂക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തൈമ പ്രദേശത്തിന്റെ പേരിൽ അറിയപ്പെടുന്ന ഹൽവ തൈമ ഈന്തപ്പഴം വിപണിയിൽ. വിവിധതരം ഈന്തപ്പഴങ്ങളുടെ വിളനിലമായ സഊദിയിൽ പല പേരുകളിൽ ഉള്ള ഈന്തപ്പഴങ്ങൾ നിലവിലുണ്ട്. അവയിൽ ഏറെ മധുരമുള്ള ഈന്തപ്പഴങ്ങളിൽ പെട്ട ഒരിനമാണ് നാടിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന ഹൽവ തൈമ ഈന്തപ്പഴം.
നാരുകൾ, ഇരുമ്പ് സത്ത്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആൻ്റിഓക്സിഡൻ്റുകൾ ഉൾപ്പെടെയെല്ലാം അടങ്ങിയിട്ടുള്ള അത്ഭുതപഴമാണ് ഈന്തപ്പഴം. സഊദി അറേബ്യയിൽ തന്നെ മൂന്നുറോളം വൈവിധ്യങ്ങളായ ഈന്തപ്പഴങ്ങളുണ്ടെന്നാണ് പഠനം. അതിലൊന്നാണ് നാടിൻ്റെ പേരിൽ തന്നെ അറിയപ്പെടുന്ന ‘ഹൽവ തൈമ’.
ഈ നാട് തന്നെ ചരിത്രപ്രസിദ്ധവും പ്രവാചക പാദസ്പർശമേറ്റ നാടുമാണ്. ബീർ ഹദാജ് (ഹദാജ് കിണർ), തൈമ മ്യൂസിയം, കസർ റുമ്മാൻ കോട്ട പോലുള്ള ഒട്ടനവധി ചരിത്രസ്ഥലങ്ങൾ സന്ദർശിക്കാൻ നിരവധി ടൂറിസ്റ്റുകൾ ഇവിടെ വരാറുണ്ട്. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി തബൂക്കിനോട് ചേർന്നാണ് തൈമ സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന യുദ്ധങ്ങളിൽ ഒന്നായ ഖൈബർ യുദ്ധം നടന്ന ഖൈബറിലേക്ക് 250 കിലോമീറ്ററാണ് തൈമയിൽ നിന്നുമുള്ള ദൂരം. ആ യുദ്ധ ചരിത്രത്തിലും ഈന്തപ്പന മരങ്ങളുടെ സമൃദ്ധിയെ കുറിച്ച് വിവരിക്കുന്നുണ്ട്.
ഹൽവ തൈമ ഈന്തപ്പഴം കാണാൻ തന്നെ ഭംഗിയാണ്, ചുവന്നുതുടുത്ത് നീളത്തിലുള്ളവയാണിവ. മൊത്തം 50 ടണ്ണിൽ മുകളിൽ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. നല്ല ശുദ്ധജലം കിണറുകളിൽ നിന്നും ലഭിക്കുന്നതിനാൽ ആ ഗുണം ഈന്തപ്പഴങ്ങൾക്കുമുണ്ട്. തൈമ എന്ന പേരും അറബിയിൽ വെള്ളവുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഈ പ്രവിശ്യയിൽ മാത്രം വൈവിധ്യങ്ങളായ 10,12,499 മരങ്ങൾ ഉണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ.
ഉയർന്ന ഉൽപ്പാദനക്ഷമതയ്ക്കും തനതായ രുചിക്കും പേരു കേട്ട ‘ഹൽവ തൈമ’ ഇപ്പോൾ പഴുത്ത് പാകമായിക്കൊണ്ടിരിക്കുകയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വിപണി സജീവമാകും. വിദേശികളെ സംബന്ധിച്ച് ഈന്തപ്പഴം എന്നതിലുപരി ഈ വൈവിധ്യം കൂടുതൽ ആളുകൾക്ക് സുപരിചിതമല്ല. എന്നാൽ അതിനെ കുറിച്ച് അറിയാവുന്നവർക്ക് ഹൽവ തൈമ ഇരട്ടിമധുരം നൽകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
