പാസ്‌പോർട്ട് ഫീസ് വർധന: മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

malayalampress
1 Min Read
  • ഇന്ത്യയിൽ നിന്നുള്ള അപേക്ഷ ഫീസിനേക്കാൾ 330 മുതൽ 359 ശതമാനം വരെ ഉയർന്ന ഫീസാണ് വരുത്തിയിരിക്കുന്നത്

റിയാദ്: പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മൂന്നാഴ്ചക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതിയുടെ നിർദേശം. പ്രവാസി ലീഗൽ സെല്ലാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനം ഹരജിയായി പരിഗണിച്ച് വൈകാതെ തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷ ഫീസിനേക്കാൾ 330 മുതൽ 359 ശതമാനം വരെ ഉയർന്ന ഫീസാണ് പ്രവാസികൾ വിദേശങ്ങളിലെ എംബസികളിൽ നൽകേണ്ടിവരുന്നത്. ഇതുകൂടാതെ പുറംകരാർ ഏജൻസി സർവീസ് ചാർജ്, കൊറിയർ, യാത്രാചെലവ്, തൊഴിൽദിന നഷ്ടം തുടങ്ങി സാമ്പത്തിക ബാധ്യതകൾ വേറെയുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഇത് താങ്ങാവുന്നതിലപ്പുറമാണ്.

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഫീസ് കുറയ്ക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണ വിസക്കാർക്കും ഇളവ് അനുവദിക്കുക, നിരക്ക് വർധനയുടെ ചെലവുകണക്കുകളും ന്യായീകരണവും പരസ്യപ്പെടുത്തുക, ഔട്ട്സോഴ്സിങ് ചാർജുകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article