പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ

News Desk
1 Min Read

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്.

അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ആക്രമണമുണ്ടായത്. തിരക്കേറിയ മാർക്കറ്റിൽ നിൽക്കുകയായിരുന്ന പോലീസുകാരനെ വളരെ അടുത്തുന്നുനിന്ന് ‘പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ’ വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി വളരെ ശാന്തനായി നടന്നു വരികയും വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സാമൂഹിക മാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളയുകയും അക്രമിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അനന്ത്നാഗിലേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാന പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ തലകുനിക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ഖുറേഷിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article