ബോർഡിങ് പാസ് നൽകിയ ശേഷം 10 മാസം പ്രായമുള്ള കുഞ്ഞിന് യാത്രാവിലക്ക്; എയർവേയ്‌സിനെതിരെ നടപടി

News Desk
2 Min Read

റോം /കൊച്ചി: ബോർഡിങ് പാസ് നൽകിയ ശേഷം 10 മാസം പ്രായമുള്ള കുഞ്ഞിനടക്കം യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സിന് 10 ലക്ഷം രൂപ പിഴ. സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.

നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയ്ക്ക് പുറമേ കോടതിച്ചെലവിലേക്കായി 25,000 രൂപയും പരാതിക്കാർക്ക് നൽകണമെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു. ഇറ്റലിയിൽ ജോലി ചെയ്യുന്ന മലയാളിയായ റോഷൻ ജോസിനും കുടുംബത്തിനുമാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ നീതി ലഭിച്ചത്.

2018 നവംബറിൽ വെനീസിൽ നിന്ന് കൊച്ചിയിലെത്തിയ റോഷനും കുടുംബവും ഡിസംബർ 3ന് മടങ്ങാനിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. കൊച്ചി വിമാനത്താവളത്തിൽ വച്ച് ആറുവയസ്സുകാരനായ മൂത്ത മകന് വീസയില്ലെന്നാരോപിച്ച് വിമാനക്കമ്പനി ബോർഡിങ് പാസ് തടഞ്ഞു.

മറ്റു വഴിയില്ലാതെ മൂത്ത കുട്ടിയെ നാട്ടിലെ ബന്ധുക്കളെ ഏൽപ്പിച്ച്, 10 മാസം പ്രായമുള്ള ഇളയ കുഞ്ഞുമായി റോഷനും ഭാര്യ വിനയയും ദോഹയിലെത്തി. എന്നാൽ കൊച്ചിയിൽ നിന്ന് ബോർഡിങ് പാസ് നൽകിയിരുന്ന ഇളയ കുഞ്ഞിന് ദോഹയിൽ വ‌ച്ച് കണക്ടിങ് വിമാനത്തിൽ കയറാൻ ഖത്തർ എയർവേയ്‌സ് അനുമതി നിഷേധിക്കുകയായിരുന്നു.

തുടർന്ന്, ജോലി നഷ്ടപ്പെടാതിരിക്കാൻ അമ്മയ്ക്ക് കുഞ്ഞിനെ പിരിഞ്ഞ് തനിച്ച് ഇറ്റലിയിലേക്ക് പോകേണ്ടി വന്നു. അച്ഛൻ കുഞ്ഞുമായി തിരികെ കൊച്ചിയിലേക്ക് മടങ്ങി. ആഴ്ചകൾക്ക് ശേഷമാണ് കനത്ത സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ട് കുഞ്ഞിനെ വീണ്ടും ഇറ്റലിയിലേക്ക് കൊണ്ടുപോയത്.

ഇറ്റലിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോൾ ഇതേ യാത്രാരേഖകൾ അംഗീകരിച്ച വിമാനക്കമ്പനി, മടക്കയാത്രയിൽ തടസമുന്നയിച്ചത് ന്യായീകരിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. രേഖകൾ പരിശോധിച്ചു ബോർഡിങ് പാസ് നൽകിയ ശേഷം, യാത്രാമധ്യേ മുലകുടി മാറാത്ത കുഞ്ഞിനെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തേണ്ടി വന്ന സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വിമാനക്കമ്പനിയുടെ തന്നിഷ്ടപ്രകാരമുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.

ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണം. വീഴ്ച വരുത്തിയാൽ 9 ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മിഷൻ വിധിയിൽ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article