മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി റിപ്പോര്‍ട്ടില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി. എസ്‌ഐടി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡിജിപിയുടെ നടപടി. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് കുരുക്ക് മുറുകുമെന്ന് ഉറപ്പാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി യുഡിഎഫ് വന്നിട്ടും എന്തുകൊണ്ട് അജിത് കുമാറിനെ സംരക്ഷിക്കുന്നു എന്ന് വിവിധ കോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വിഷയത്തില്‍ ഡിജിപിയുടെ ഇടപെടല്‍.
പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ എസ്‌ഐടി രൂപീകരിക്കുക എന്നത്. ഇത് വൈകിവന്ന നീതിയെന്ന് പരാതിക്കാര്‍ പ്രശംസിച്ചുവെങ്കിലും അട്ടിമറി നീക്കങ്ങളിലും അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിലും പരാതിക്കാര്‍ക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എ ഡി തോമസ് എംഎല്‍എ പറഞ്ഞതും ചര്‍ച്ചയായിരുന്നു.
ഗണ്‍മാന്‍മാരുടെ മര്‍ദനക്കേസില്‍ എസ്‌ഐടി ഡിജിപി റവാഡ ചന്ദ്രശേഖറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അജിത് കുമാറിനോട് വിശദീകരണം തേടിയിരിക്കുന്നത്. അജിത് കുമാര്‍ വിശദീകരണം നല്‍കിയ ശേഷം ഇതില്‍ തുടര്‍ നടപടിയുണ്ടായേക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
