പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു

News Desk
1 Min Read

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സംശയകരമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന വിവരത്തെത്തുടർന്ന് ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ റോഡിൽ വ്യാഴാഴ്ച രാത്രി എസ്‌ഒജി സംഘം പതിയിരുന്ന് പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ഈ വഴി വന്ന യുവാവിനെ പൊലീസ് തടഞ്ഞു. ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചീകാ ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്. 

പരുക്കേറ്റ ഉദ്യോഗസ്ഥരെയും യുവാവിനെയും ആദ്യം ഭദർവ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ദോഡ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മതപ്രഭാഷകന് ഇതിലുള്ള പങ്ക് വ്യക്തമായിട്ടില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ ഭദർവയിൽ കൂടുതൽ സിആർപിഎഫ്, പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. ജെയ് മേഖലയിൽ ഇന്ത്യൻ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കശ്മീർ താഴ്‌വരയ്ക്ക് പുറത്ത് വലിയ തോതിൽ തീവ്രവാദം പടർന്നുപിടിച്ച മേഖലയാണ് ദോഡ. കാടുകളും മലനിരകളും നിറഞ്ഞ ഇവിടത്തെ ഭൂപ്രകൃതി പാക്കിസ്ഥാനിൽ നിന്നുള്ള കടന്നുകയറ്റക്കാർക്ക് ഒളിത്താവളമൊരുക്കിയിരുന്നു. എന്നാൽ രണ്ടായിരത്തിന്റെ അവസാനത്തോടെ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സാധിച്ചിരുന്നു. 2024 ജൂലൈയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് ഇന്ത്യൻ സൈനികർ ഇവിടെ വീരമൃത്യു വരിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article