യൂട്യൂബര്‍ തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യത; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി 

malayalampress
2 Min Read

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില്‍ കഴിയുന്ന നിഹാദ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് നിഹാദ് ഹാജരായിരുന്നില്ല. നിഹാദിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങുക. പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

സുഹൃത്തുക്കളുടെ നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് കേസ്. നിഹാദിന്‍റെ കൂട്ടാളികളായ മമ്മു, ഷമീര്‍ എന്നിവര്‍ ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കിയ വീഡിയോയിലാണ് നഗ്ന ദൃശ്യങ്ങള്‍ കാണിച്ചത്.  ആലുവ റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. നിഹാദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പോലീസ് നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ നേരത്തെ നിഹാദിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോരാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത്. യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്നാണ് വിവരം.

അതേ സമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article