ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കമ്പനിയുടെ 1,021 കോടി രൂപയുടെ ആസ്തികള്‍ കൂടി കണ്ടുകെട്ടി.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ് നടപടി. കേസില്‍ ഇതുവരെ ആകെ 20,367 കോടി രൂപയാണ് കണ്ടുകെട്ടിയത്. പുറമെ, വിദേശനാണ്യ മാനേജ്മെന്റ് നിയമ പ്രകാരം (ഫെമ) 77.86 കോടി രൂപയുടെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്.
ഇ-പേപ്പർ സബ്സ്ക്രിപ്ഷൻ
പൊതു, സ്വകാര്യ മേഖലകളിലെ വിവിധ ബേങ്കുകള്‍ നല്‍കിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി ബി ഐ ഒന്നിലധികം എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇ ഡി അന്വേഷിക്കുന്നത്.
റിലയന്‍സ് കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ച 15,548 കോടി രൂപയുടെ പൊതുപണം അനില്‍ അംബാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നിരവധി വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പുകളിലേക്കും വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പി എം എല്‍ എ പ്രകാരം നാലും ഫെമ പ്രകാരം മൂന്നും കേസുകളാണ് ഇ ഡി അന്വേഷിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
