‘ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ…’; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

malayalampress
1 Min Read

ബെംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ രഹസ്യപരിശോധനയ്‌ക്കെത്തിയ ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ട് കണ്ടക്ടര്‍. ബി.എം.ടി.സി ബസില്‍ ഗതാഗത മന്ത്രി ബൈരതി സുരേഷ് നടത്തിയ മിന്നല്‍പരിശോധനയ്ക്കിടെയാണ് സംഭവം.

പണം ചില്ലറയായി കൈയ്യിലില്ലാത്തതിനാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) കണ്ടക്ടര്‍ മന്ത്രിയോട് ബസില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. ഹെബ്ബാളില്‍നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസില്‍ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകളാണ് ആവശ്യപ്പെട്ടത്.

ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തുക ചില്ലറയായി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നല്‍കിയെങ്കിലും തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നല്‍കാന്‍ കഴിയില്ലെങ്കില്‍ ബസില്‍നിന്ന് ഇറങ്ങാനും കണ്ടക്ടര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ കണ്ടക്ടര്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അതേസമയം, കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നാഗഷെട്ടിഹള്ളിയില്‍ നിന്ന് അല്‍പദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. മീറ്ററില്‍ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവര്‍ മന്ത്രിയോട് 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, മീറ്ററില്‍ പിശകുണ്ടെന്നും ഉടന്‍ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവില്‍ 40 രൂപ നല്‍കി മന്ത്രി ഓട്ടോയില്‍ നിന്ന് ഇറങ്ങി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article