മസ്‌കത്ത്: സാമൂഹമാധ്യമം വഴി യുവതിക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പ്രവാസിയെ ശിക്ഷിച്ച് ഒമാന്‍ കോടതി. സുവൈഖിലെ പ്രാഥമിക കോടതിയാണ് ബയൂമിയെന്നയാള്‍ക്കെതിരെ തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചത്.
വിവരസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും യുവതിയുടെ മാന്യതയെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പീഡനം നടത്തിയതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
സാമൂഹമാധ്യമത്തിലൂടെ പ്രതി നിരന്തരം യുവതിയെ ബന്ധപ്പെടുകയും അശ്ലീല ചിത്രങ്ങളും അസഭ്യമായ ഭാഷയിലുള്ള സന്ദേശങ്ങളും അയച്ച് അവരുടെ വ്യക്തിമാനത്തെയും സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങളെയും ലംഘിക്കുന്ന രീതിയില്‍ പെരുമാറിയെന്നും അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ വ്യക്തമാക്കി.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ആറുമാസം തടവും 500 ഒമാനി റിയാല്‍ പിഴയും കോടതി വിധിച്ചു. യുവതിയെ അപമാനിക്കുന്ന തരത്തില്‍ ശല്യം ചെയ്തതിനുള്ള കേസില്‍ മൂന്ന് മാസം തടവും 100 റിയാല്‍ പിഴയും കൂടി ശിക്ഷയായി ലഭിച്ചു. ഇരു കേസുകളിലെയും ശിക്ഷകളില്‍ കര്‍ശനമായ ശിക്ഷ നടപ്പാക്കാനും തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഒമാനില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുകയും സൈബര്‍ പീഡനങ്ങളില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കാന്‍ പ്രതിബദ്ധതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
