നേരിട്ടത് ക്രൂരപീഡനം, മാരകമായ പരിക്കുകൾ, ജീവനോടെ കുളത്തിലെറിഞ്ഞു

News Desk
2 Min Read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപുരിൽ കൊല്ലപ്പെട്ട പന്ത്രണ്ട് വയസ്സുകാരി നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ക്രൂരമായ ലൈംഗിക അതിക്രമത്തിന് പുറമെ കുട്ടിയുടെ ശരീരത്തിലാകെ മാരകമായ പരിക്കുകൾ ഏൽപ്പിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയുടെ പിൻഭാഗത്തേറ്റ കഠിനമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്.

പെൺകുട്ടിയുടെ ശരീരത്തിൽ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകൾക്ക് പുറമെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ മുറിവുകളുമുണ്ട്. കനത്ത ഏതെങ്കിലും ആയുധം ഉപയോഗിച്ച് തലയ്ക്കടിക്കുകയോ, അല്ലെങ്കിൽ കഠിനമായ പ്രതലത്തിൽ തല ബലമായി ഇടിപ്പിക്കുകയോ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്നുണ്ടായ അമിത രക്തസ്രാവത്തിന് പിന്നാലെയാണ് കുട്ടിയെ വെള്ളത്തിൽ മുക്കിയത്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ പെൺകുട്ടിയെ കുളത്തിലേക്ക് എറിയുന്ന സമയത്തും കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ നിർണായകമായ പോസ്റ്റ്‌മോർട്ടം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ മറ്റ് മൂന്ന് പേർ കൂടി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ളവരിൽ ശാന്തനു മണ്ഡൽ എന്ന പ്രാദേശിക ബിജെപി നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അതേസമയം, കേസിലെ പ്രധാന പ്രതികളിലൊരാളും പെൺകുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചുനൽകിയതുമായ ഇന്ദ്രജിത്ത് തന്തി (26) കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ചിരുന്നു. പ്രതിയെ നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് തന്റെ സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടി രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, നീല തൊപ്പി ധരിച്ച ഒരാൾ പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്.

ഈ സൂചനയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തന്നെയാണ് പ്രതിയായ ഇന്ദ്രജിത്ത് തന്തിയെ തിരഞ്ഞുപിടിച്ചത്. ഇയാളെ ജനങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് ഞായറാഴ്ച രാവിലെ സൂര്യപുർ ഹാട്ടിന് സമീപമുള്ള കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!