ന്യൂയോർക്ക്: കളിക്കളത്തിലെ പ്രകടനത്തെച്ചൊല്ലി വിമർശിക്കുന്നവർക്ക് ശക്തമായ മറുപടി നൽകി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ 23 വർഷമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കുമുന്നിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന് താരം വ്യക്തമാക്കി.
മുൻപത്തെപ്പോലെയുള്ള മികവ് ഇപ്പോൾ തനിക്കില്ലെന്ന് സമ്മതിച്ച താരം, ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്നും പ്രഖ്യാപിച്ചു. എന്നാൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല. സ്പെയിനെതിരായ ക്വാർട്ടർ പോരാട്ടത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയെക്കുറിച്ചും സമീപകാലത്ത് നേരിടേണ്ടി വന്ന കടുത്ത വിമർശനങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ‘ഞാൻ പഴയതുപോലെയുള്ള ഒരു കളിക്കാരനല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ലോകകപ്പിലെ ഉസ്ബെക്കിസ്താനും ക്രൊയേഷ്യയ്ക്കുമെതിരേയുള്ള മത്സരങ്ങളെ മുൻനിർത്തി ഇപ്പോഴും താൻ മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടിനൽകി. ’18 വയസ്സുള്ളപ്പോൾ മുതൽ ഇതുതന്നെയാണ് അവസ്ഥ, ഇതിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കളിച്ചാലും കളിച്ചില്ലെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഞാൻ എപ്പോഴും ശരീരവും ആത്മാവും നൽകി ശ്രമിക്കും, എനിക്ക് എപ്പോഴും ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടാകും. മുൻപ് പറഞ്ഞതുപോലെ, ഞാൻ വിരമിക്കുന്നത് എന്റെ തീരുമാനപ്രകാരമായിരിക്കും, നിങ്ങളുടെ ഇഷ്ടത്തിനായിരിക്കില്ല. നിങ്ങൾ എപ്പോഴും ഒരേ ചോദ്യംതന്നെയാണ് ചോദിക്കുന്നത്. ഇതിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അതിന് വലിയ പ്രാധാന്യമില്ല,’ -അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ലോകകപ്പ് ഇതാണെന്നും താരം പറഞ്ഞു. കഴിഞ്ഞ 23 വർഷമായി എന്നെ ഇല്ലാതാക്കാനായി ശ്രമിക്കുകയാണ്. അതിൽ കാര്യമില്ലെന്നും സമയനഷ്ടമാണെന്നും മനസ്സിലായിട്ടും വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കിതൊരു ശീലമായി. ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോ തന്നെയായിരിക്കും. പ്രായം നൽകുന്ന പക്വത കാര്യങ്ങളെ ലളിതമായി കാണാൻ സഹായിക്കുന്നുണ്ട്. 40 വയസ്സ് കഴിഞ്ഞതിനുശേഷം തനിക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് നന്ദി പറയുന്നു. വിമർശനങ്ങളാണ് ഒരാളെ വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിനുമായുള്ള ടെക്സാസിലെ പോരാട്ടത്തിൽ പോർച്ചുഗലിന് തന്നെയാണ് വെല്ലുവിളി കൂടുതലെന്നും അദ്ദേഹം സമ്മതിച്ചു. ‘അതൊരു കടുത്ത പോരാട്ടമായിരിക്കും. ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം വേണം, ഒരുപാട് ഓടേണ്ടതുണ്ട്, ഒപ്പം ധൈര്യത്തോടെ കളിക്കുകയും വേണം’ -ക്രിസ്റ്റിയാനോ കൂട്ടിച്ചേർത്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
