ലൈംഗിക പീഡനക്കേസിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം; ശിക്ഷാ വിധി ഓഗസ്റ്റിൽ

News Desk
1 Min Read

സിഡ്‌നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ സമ്മേഴ്സ്. ബിഗ് ബാഷ് ലീഗിലും (ബിബിഎൽ) പാക്കിസ്ഥാൻ സൂപ്പർ ലീഗിലും (പിഎസ്എൽ) കളിച്ചിട്ടുള്ള ഫാസ്റ്റ് ബോളറായ ആരോൺ സമ്മേഴ്സ് (30), പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു കേസുകളിലും ലൈംഗിക ചൂഷണത്തിനായി പെൺകുട്ടിയെ വശീകരിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാണിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലുമാണ് കുറ്റം സമ്മതിച്ചത്. മുൻപ് ജാമ്യത്തിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓഗസ്റ്റിൽ സമ്മേഴ്സിന്റെ ശിക്ഷ വിധിക്കും.

ബിബിഎൽ ടീമായ ഹോബാർട്ട് ഹറികെയ്ൻസിന്റെ ഭാഗമായി സമ്മേഴ്സ് കളിച്ച 2018 ജനുവരിയിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. ജീവിതത്തിൽ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു പ്രാദേശിക സ്കൂളിൽ വച്ച് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് വിചാരണയ്‌ക്കിടെ സമ്മേഴ്സിന്റെ അഭിഭാഷക കരോളിൻ ഗ്രേവ്സ് പറഞ്ഞു. ആ സമയത്ത് സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുകയായിരുന്ന 22 വയസ്സുകാരനായിരുന്ന സമ്മേഴ്സ്, സമൂഹമാധ്യമത്തിലൂടെയാണ് 15 കാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും കരോളിൻ ഗ്രേവ്സ് പറഞ്ഞു.

‘ആ സമയത്ത് ഇയാൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു. അതുകൊണ്ടാണ് രാജ്യാന്തര തലത്തിൽ കളിക്കാൻ ഇയാളെ പരിഗണിച്ചത്. ഈ കുറ്റകൃത്യം ഒരിക്കലും സമ്മേഴ്സിന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല. എന്നാൽ അയാൾക്ക് ജീവിതവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. സമ്മേഴ്സ് കുറ്റം ആവർത്തിക്കാൻ സാധ്യത കുറവാണ്.’ – കരോളിൻ ഗ്രേവ്സ് പറഞ്ഞു.

കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ സമ്മേഴ്സ് മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വയ്‌ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 2021-ൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മേനിയയെ പ്രതിനിധീകരിച്ചിട്ടുള്ള സമ്മേഴ്സ്, ബിബിഎലിൽ ഹോബാർട്ട് ഹറികെയ്ൻസിനായി ഒരു മത്സരവും പിഎസ്എലിൽ കറാച്ചി കിങ്‌സിനായി രണ്ടു മത്സരങ്ങളും കളിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!