സംഘപരിവാർ പരിപാടിയിൽ ചട്ടംലംഘിച്ച് വീണ്ടും പങ്കെടുത്ത് എംജി വി സി; എത്തിയത് ഔദ്യോ​ഗിക വാഹനത്തിൽ

News Desk
1 Min Read

ആലപ്പുഴ: ചട്ടംലഘിച്ച് സംഘപരിവാർ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം ജി സർവകലാശാല വൈസ് ചാൻസലർ ഡി മാവൂത്. മാവേലിക്കരയിൽ നടന്ന ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മാവൂത് എത്തിയത്. ഔദ്യോ​ഗിക വാഹനത്തിലാണ് വി സി വന്നത്. കുട്ടികളിൽ വിഭജനചിന്ത വളർത്തുന്ന ബാല​ഗോകുലത്തെ മാവൂത് പുകഴ്ത്തുകയും ചെയ്തു.

മുൻപും സംഘപരിവാർ പരിപാടിയിൽ മാവൂത് പങ്കെടുത്തത് വിവാദമായിരുന്നു. ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തിൽ അതിഥികളായി കേരള, എംജി, മലയാള സർവകലാശാലകളിലെ വി സിമാർ പങ്കെടുക്കുകയായിരുന്നു.

കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ്‌ സംഘിന്റെ സ്ഥാപക നേതാവായ മാവൂതിന്‌ ഗവർണർ രാജേന്ദ്ര ആർലേക്കർ കഴിഞ്ഞമാസമാണ് എംജി വി സിയുടെ പൂർണ ചുമതല നൽകിയത്. ചട്ടപ്രകാരം വൈസ്‌ ചാൻസലർ ആകേണ്ടവരുടെ പട്ടിക യഥാസമയം നൽകാതെ യുഡിഎഫ്‌ സർക്കാർ ഗവർണറുടെ നീക്കത്തിന്‌ ഒത്താശചെയ്യുകയായിരുന്നു. സംഘപരിവാർ നേതാവിനെ വിസിയാക്കിയിട്ടും മുഖ്യമന്ത്രിയോ, ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചുമില്ല. പിന്നാലെ സെനറ്റിലേക്കും ബിജെപി നോമിനികളായ 19 പേരെ ​ഗവർണർ നിയമിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽകരണ ശ്രമംനടക്കുമ്പോൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചോദിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article