ദുബായ്: ഓഗസ്റ്റിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. സ്കൂൾ വേനലവധിയും തിരക്കുമാണ് വർധനയ്ക്ക് കാരണം. വിമാനക്കമ്പനികളും യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങളും അനുസരിച്ച് റിട്ടേൺ ടിക്കറ്റ് നിരക്കുകളിൽ വൻ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. ചില റൂട്ടുകളിൽ നിരക്ക് 1,400 ദിർഹം മുതൽ 9,200 ദിർഹം (ഏകദേശം 36,000 രൂപ മുതൽ രണ്ടര ലക്ഷത്തോളം രൂപ) വരെയായി ഉയർന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജൂൺ പകുതിയോടെ ലഭ്യമായ നിരക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്ക് ഹൈദരാബാദ് റൂട്ടിലാണ്. ഹൈദരാബാദ്: 9,250 ദിർഹം (റിട്ടേൺ നിരക്ക്), ഡൽഹി: 9,090 ദിർഹം, കൊച്ചി: 7,800 ദിർഹം.
അതേസമയം മുംബൈ (1,404 ദിർഹം മുതൽ), ചെന്നൈ (1,678 ദിർഹം മുതൽ) തുടങ്ങിയ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ റിട്ടേൺ ടിക്കറ്റുകൾ ലഭ്യമാണ്. നാലംഗ കുടുംബത്തിന് ഹൈദരാബാദിലേക്ക് പോകാൻ ടിക്കറ്റിന് മാത്രം 37,000 ദിർഹത്തോളം ചെലവ് വരുമ്പോൾ, കുറഞ്ഞ ചെലവിലുള്ള എയർലൈനുകൾ വഴി മുംബൈയിലേക്ക് പോകാൻ 6,000 ദിർഹത്തിൽ താഴെ മാത്രമേ വരുന്നുള്ളൂ.
ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ വന്നതോടെ പല പ്രവാസികളും യാത്ര പ്ലാനുകൾ മാറ്റുകയാണ്. യുഎഇയിൽ നിന്ന് മുംബൈയിലേക്ക് കുറഞ്ഞ നിരക്കിൽ പറന്ന ശേഷം അവിടെ നിന്ന് ആഭ്യന്തര സർവീസുകൾ വഴി കേരളത്തിലേക്ക് എത്തുന്ന രീതി മലയാളികളിൽ പലരും തിരഞ്ഞെടുക്കുന്നുണ്ട്. പ്രത്യേകിച്ച് കുടുബമായി യാത്ര ചെയ്യുന്നവർ. യാത്രാസമയം കൂടുമെങ്കിലും ഇതിലൂടെ വലിയ തുക ലാഭിക്കാൻ കഴിയുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. തെക്കേ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ആവശ്യക്കാർ ഏറിയതും ഈ മേഖലകളിൽ വലിയ വിമാനത്താവളങ്ങളുടെ കുറവുള്ളതുമാണ് നിരക്ക് വർധനവിന് പ്രധാന കാരണം.
∙ജൂൺ-ജൂലൈയിൽ ചില സെക്ടറുകളിൽ നേരിയ കുറവ്
സ്കൂളുകൾ അടയ്ക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ (ജൂൺ 27 മുതൽ) ചില കേരള സെക്ടറുകളിൽ നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കണ്ണൂർ: മുൻപ് 1,500 ദിർഹം വരെയായിരുന്ന നിരക്കിൽ 400 മുതൽ 500 ദിർഹം വരെ കുറവ് രേഖപ്പെടുത്തി. കോഴിക്കോട്: ഇൻഡിഗോ കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ നിരക്കിൽ നേരിയ കുറവുണ്ടായി. കൊച്ചി: മുൻപ് 3,500 ദിർഹം വരെ ഉയർന്ന വൺവേ നിരക്കുകൾ ചില ദിവസങ്ങളിൽ 2,600 ദിർഹത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നതും കൂടുതൽ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചതുമാണ് ഈ താൽക്കാലിക ആശ്വാസത്തിന് കാരണം. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴും ടിക്കറ്റ് നിരക്കുകൾ 15 മുതൽ 20 ശതമാനം വരെ കൂടുതലാണ്.
∙യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ‘എയർ സുവിധ 2.0’ ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഇതിന് മുൻപായി ഫോം പൂരിപ്പിക്കാൻ സാധിക്കില്ല. നിരക്കുകൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർ നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
