ഇൻസ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; 47 സെക്കൻ‌ഡിനുള്ളിൽ 14 തവണ 19 വയസ്സുകാരിയെ കുത്തി

News Desk
1 Min Read

ലക്നൗ:ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചു.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ സംഭവം. കേവലം 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.

സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ എന്ന യുവതിയ്ക്കാണ് കുത്തേറ്റത്. പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി പൂജ ജോലി ചെയ്തുവരികയായിരുന്നു. ജോലിയ്ക്ക് പോകുന്നതിനിടെ പ്രതി പൂജയെ തടഞ്ഞുനിർത്തി. സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിച്ചു.

യുവതിയുടെ വയറ്റിലും കഴുത്തിലും കൈകളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്. തിരക്കേറിയ മാർക്കറ്റിൽ നടന്ന ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാട്ടിദാർ ആശുപത്രിയിലേക്കും മാറ്റിയത്. യുവതിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. യുവതിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 ദിവസമായി ഫോൺ കോളുകൾക്ക് മറുപടി നൽകാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article