ദമാമിൽ ‘An Evening with Peace Radio’ ശ്രദ്ധേയമായി

malayalampress
1 Min Read

ദമാം: കിഴക്കൻ പ്രവിശ്യ സഊദി ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച ‘An Evening with Peace Radio’ പരിപാടി ശ്രദ്ധേയമായി. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതി വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രയോജനപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ ധാർമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ആരോഗ്യകരമായ സാമൂഹിക സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ് റേഡിയോ സംരംഭമായ പീസ് റേഡിയോ പ്രവർത്തനം ആരംഭിച്ചത്.

സമൂഹത്തിന്റെ ധാർമികബോധവും പൗരബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പീസ് റേഡിയോയിൽ നൂറിലധികം അവതാരകർ നയിക്കുന്ന എൺപതിലധികം പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റേഡിയോയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വിജ്ഞാനവും പ്രചോദനവും നേടുന്നതിനുള്ള വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹിക ബന്ധങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പൊതുകാര്യങ്ങൾ, നിയമം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികളാണ് പ്രധാനമായും സംപ്രേഷണം ചെയ്യുന്നത്.

ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും സഹായകമായ പരിപാടികളും പീസ് റേഡിയോയുടെ ഭാഗമായി സംപ്രേഷണം ചെയ്യപ്പെടുന്നു. കൂടാതെ, പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ, സാമ്പത്തിക, കുടുംബപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പരിപാടികളും റേഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവി അബ്ദുൽജബ്ബാർ അബ്ദുല്ല മദീനി മുഖ്യപ്രഭാഷണം നിർവഹിച്ചു. സഊദി ദേശീയ ഇസ്‌ലാഹി സെന്റർ കോർഡിനേഷൻ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ഇമ്പിച്ചിക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റർ കോർഡിനേഷൻ കമ്മറ്റി ഈസ്റ്റൺ പ്രൊവിൻസ് ജനറൽ സെക്രെട്ടറി ആസാദ് വളപട്ടണം ആശംസ അർപ്പിച്ചു സംസാരിച്ചു.

അബ്ദുല്ലാഹ് അൽ ഹികമി, ഇബ്രാഹിം അൽ ഹികമി, ഷാനിബ് അൽ ഹികമി, സുൽഫിക്കർ പാലക്കാഴി, സർഫ്രാസ് സ്വലാഹി, ഡോ. ടി. പി. മുഹമ്മദ്, ലതീഫ് തെച്ചി, ഡോ. ഫവാസ് യൂസഫ്, ഡോ. ഷഹനാസ്, അബ്ദുൽജബ്ബാർ വിളത്തൂർ, ഷിയാസ് ജുബൈൽ, അനസ് ഖോബാർ, നൗഫൽ സുബൈർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article