ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി യുവതി. സഹോദരന്റെയും ഭർത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൂവരും ചേർന്ന് യുവാവിന്റെ മൃതദേഹം കത്തിച്ചു കളയുകയായിരുന്നു.
ഒരു സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന, ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിയാറുകാരനാണ് ഇയാൾ. സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ പരിചയം. ആ പരിചയം മുതലെടുത്ത് നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച യുവാവിനെയാണ്, യുവതി ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. ഈ മാസം ഏഴിന്, പാതി കത്തിയ നിലയിൽ, ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം, മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ്, പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ബസവന ഗൗഡയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഇയാൾ ശ്വേത ഉൾപ്പെടെ പല സ്ത്രീകൾക്കും, അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചതായി കണ്ടെത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിന് ഇവരെ നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.
ഒരു വർഷത്തോളമായുള്ള നിരന്തര ശല്യപ്പെടുത്തലിനൊടുവിൽ ശ്വേത, ഭർത്താവിനെയും സഹോദരനെയും വിവരമറിയിച്ചതോടെയാണ്, മൂവരും ചേർന്ന് ബസവന ഗൗഡ പാട്ടീലിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജൂൺ 6ന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്, ശ്വേത പാട്ടീലിനെ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ കാത്തു നിന്ന ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും, ഇയാളെ കയർ കൊണ്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ മൃതദേഹം കയറ്റി കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ: കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
