ദുബൈ: മാസങ്ങൾ നീണ്ട മിഡിൽ ഈസ്റ്റ് യുദ്ധത്തിന് വിരാമമിട്ട് യു എസും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചരിത്രപരമായ നയതന്ത്ര മുന്നേറ്റത്തെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. യു എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള ഈ നീക്കത്തെ ഫ്രാൻസ്, യു കെ, ജർമ്മനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദിച്ചു.
ഇറാൻ തങ്ങളുടെ ആണവ പദ്ധതികളിലെ ആശങ്കകൾ പരിഹരിക്കാൻ വ്യക്തവും സുതാര്യവുമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ പ്രസക്തമായ ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെന്ന് ഈ നാല് യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും വ്യക്തമാക്കി. കരാറിനായി മധ്യസ്ഥത വഹിച്ച പാകിസ്താൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അവർ അഭിനന്ദിച്ചു.
യു എസ് – ഇറാൻ സമാധാന കരാറിനെ ചരിത്രപരമായ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ഉടനടിയുള്ളതും സ്ഥിരവുമായ വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, തുടർന്നുള്ള ചർച്ചകൾക്കുള്ള ചട്ടക്കൂട് എന്നിവ കരാർ ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ കൂടുതൽ സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് സഹായിക്കുമെന്നും ഗുട്ടെറസ് പ്രത്യാശ പ്രകടിപ്പിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
