കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിയ്ക്ക് ആണ് രോഗം ബാധിച്ചത്. മെയ് അവസാനവാരമാണ് മധ്യപ്രദേശ് സ്വദേശി കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.
എന്താണ് മലേറിയ അഥവാ മലമ്പനി
പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. മലമ്പനി പ്രധാനമായും പെണ്‍ വിഭാഗത്തില്‍പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്‍ത്തുന്നത്. രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ പോലെയുള്ള ഗുരുതരാവസ്ഥക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന്‍ സാധ്യതയുള്ളതാണ്.
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍
കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
