വസ്ത്രങ്ങള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ചു നല്‍കിയത് സുഹൃത്തിന്റെ സഹോദരന്; രണ്ടുപേര്‍ കസ്റ്റഡിയില്‍
മലപ്പുറം: വിദേശത്തേക്ക് കൊണ്ടുപോകാന്‍ കൊടുത്തുവിട്ട പാന്റില്‍ കഞ്ചാവ്. മലപ്പുറം വണ്ടൂര്‍ ചെറുക്കോടാണ് സംഭവം. സഊദിയിലുള്ള സഹോദരന് എത്തിച്ചുകൊടുക്കാനെന്നു പറഞ്ഞ് നാട്ടുകാരന് ഏല്‍പ്പിച്ച പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസില്‍ യുവാവ് പരാതി നല്കി. യുവാവിനെ മനഃപൂര്‍വ്വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവിനെ ചതിയില്‍പ്പെടുത്തിയാണ് വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം നടന്നത്. സഊദിയിലുള്ള സുഹൃത്തിന് നല്‍കാനെന്ന വ്യാജേന വസ്ത്രങ്ങള്‍ അടങ്ങിയ കവര്‍ നല്‍കിയാണ് കഞ്ചാവ് കടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടത്. സംഭവത്തില്‍ യുവാവിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് കേസെടുത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന വണ്ടൂര്‍ ചെറുകോട് മുതീരി സ്വദേശി നാലകത്ത് സല്‍മാനാണ് കടുംചതിയില് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന സല്മാന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സഊദിയിലേക്ക് തിരികെ പോകേണ്ടിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജിദ്ദയിലുള്ള തന്റെ സുഹൃത്തിന് (സഹജോലിക്കാരന്) എത്തിച്ചു നല്‍കാനെന്ന പേരില്‍ സല്‍മാന്റെ നാട്ടുകാരനായ സുഹൃത്തിന്റെ സഹോദരനാണ് വസ്ത്രങ്ങള്‍ അടങ്ങിയ ഒരു കവറുമായി സല്‍മാനെ സമീപിക്കുന്നത്. ഈ സമയം മഞ്ചേരിയിലായിരുന്ന സല്മാന്, കവര്‍ പട്ടരക്കയിലുള്ള ഒരു കടയില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രയ്ക്കായി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി സല്മാന് ഈ കവര്‍ തുറന്ന് പരിശോധിച്ചു. ഒരു കാര്‍ഗോ പാന്റ്സും ത്രീഫോര്‍ത്തുമായിരുന്നു കവറിലുണ്ടായിരുന്നത്. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കാര്‍ഗോ പാന്റിന്റെ എല്ലാ പോക്കറ്റുകളിലും ചെറിയ കവറുകളിലാക്കി അതീവ രഹസ്യമായി കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.
ചതി തിരിച്ചറിഞ്ഞ ഉടന്‍ തന്നെ സല്മാന് വിവരം നാട്ടിലെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ സുഹൃത്തുക്കളെ അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍നടപടികളിലേക്ക് നീങ്ങിയത്. നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കുള്ള വിമാനത്തില്‍ സല്മാന് സഊദിയിലേക്ക് മടങ്ങുകയും ചെയ്തു.
തുടര്‍ന്ന് സല്‍മാന്റെ പിതാവ് വണ്ടൂര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. പ്രവാസികളെ കാരിയര്‍മാരാക്കി അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് കടത്തുന്ന സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
