രൂപയുടെ റെക്കോർഡ് തകർച്ച പ്രവാസികൾക്കു നേട്ടമായി: നാട്ടിലേക്ക് പണമയ്ക്കാൻ ഗൾഫിൽ മലയാളികളുടെ ‘നെട്ടോട്ടം’

News Desk
1 Min Read

അബുദാബി/ദുബായ്: രൂപയുടെ റെക്കോർഡ് തകർച്ച പ്രവാസികൾക്കു നേട്ടമായി. യുഎഇ ദിർഹത്തിന് ഇന്നലെ രാവിലെ 26.38 രൂപ വരെ ലഭിച്ചപ്പോൾ, വൈകിട്ടോടെ നിരക്ക് 10 ഫിൽസ് കുറഞ്ഞ് 26.28 രൂപയായി. മികച്ച വിനിമയ നിരക്ക് പ്രയോജനപ്പെടുത്താൻ നാട്ടിലേക്ക് പണമയയ്ക്കാൻ എക്സ്ചേഞ്ചുകളിലും ഓൺലൈൻ പണമിടപാട് ആപ്പുകളിലും തിരക്കേറി.

ശമ്പളദിവസങ്ങൾ അടുത്തിരിക്കുന്നതിനാൽ നിലവിലെ നിരക്ക് മാസാവസാനം വരെ തുടരുമോയെന്നു പലരും ഉറ്റുനോക്കുന്നു. നിരക്ക് അനുകൂലമായി തുടർന്നാൽ പതിവിലും കൂടുതൽ തുക പ്രവാസികൾക്കു നാട്ടിലേക്ക് അയയ്ക്കാനാകും.

മികച്ച നിരക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തി സമ്പാദ്യം കൂട്ടാനും വായ്പ തിരിച്ചടയ്ക്കാനും പണം അയച്ചവരുമുണ്ട്. ഒരു ദിർഹത്തിന് ലഭിക്കുന്ന ഏതാനും പൈസയുടെ വർധന പോലും വലിയ തുക അയയ്ക്കുന്നവർക്ക് കാര്യമായ നേട്ടമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണു ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചത്. പ്രവാസികൾക്ക് നേട്ടമാകുന്ന ഈ സാഹചര്യം ഇന്ത്യയിലെ ഇറക്കുമതി ചെലവിലും പണപ്പെരുപ്പത്തിലും സമ്മർദം സൃഷ്ടിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിരക്ക് ഇനിയും മാറാൻ സാധ്യതയുള്ളതിനാൽ കൈയിലുള്ള മുഴുവൻ പണവും ഒറ്റത്തവണ അയയ്ക്കാതെ ഘട്ടംഘട്ടമായി അയയ്ക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ വായ്പ എടുത്തോ ഉയർന്ന പലിശയ്ക്ക് പണം കണ്ടെത്തിയോ അയയ്ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെയും രൂപയുമായുള്ള വിനിമയ നിരക്കിൽ ആനുപാതിക വർധനയുണ്ട്. ഓൺലൈൻ രാജ്യാന്തര നിരക്കിനെക്കാൾ സാധാരണയായി 10 മുതൽ 25 പൈസ വരെ കുറച്ചാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്നത്. എന്നാൽ ചില ഓൺലൈൻ ആപ്പുകൾ രാജ്യാന്തര നിരക്കിലോ അതിനടുത്ത നിരക്കിലോ പണം അയയ്ക്കാനുള്ള സൗകര്യം നൽകുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article