കൂട്ടക്കൊല; പ്രണയം, പ്രതികാരം; ഡിജിറ്റൽ തെളിവുകളുടെ ഞെട്ടിക്കുന്ന കഥ

News Desk
1 Min Read

കഴിഞ്ഞമാസം 26ന് രാത്രിയാണ് ബെംഗളൂരു കെ.ആര്‍.പുരത്ത് പ്രണയത്തെ എതിര്‍ത്ത കുടുംബത്തെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. കെ.ആര്‍.പുരം സ്വദേശി ശ്വേതയും കെന്നത്തുമാണ് മൂന്നുപേരെ കൊലപ്പെടുത്തിയത്. ശ്വേതയുടെ അച്ഛന്‍, അമ്മ, സഹോദരി എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് തല്ലിയും കുത്തിയും കൊന്നത്.

കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ പിടിയിലാവുകയും ചെയ്തു. നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിന്‍റെ അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ കെന്നത്ത് കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ നിര്‍മിത ബുദ്ധി (എ.ഐ)യുടെ സഹായം തേടിയെന്നാണ് കണ്ടെത്തല്‍

പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരുന്നത്. എങ്ങനെ കൊലപാതകം നടത്താം, വിഷം എങ്ങനെ കുത്തിവയ്ക്കാം, മൃതദേഹം ആരുമറിയാതെ എങ്ങനെ മറവു ചെയ്യാം, തെളിവുകള്‍ എങ്ങനെ നശിപ്പിക്കാമെന്നൊക്കെ പ്രതി മനസിലാക്കിയത് എ.ഐ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെയാണ്. 

കേസിലെ എറ്റവും പ്രധാനപ്പെട്ട ട്വിസ്റ്റ് പ്രതികള്‍ വാങ്ങിയ ഫർണസാണ്. ക്ലൗഡ് കിച്ചൻ ബിസിനസ് തുടങ്ങാനെന്ന പേരിൽ വലിയ ശേഷിയുള്ള ഫർണസ് പ്രതികള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇവര്‍ ക്ലൗഡ് കിച്ചന്‍ ആരംഭിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. മൃതദേഹം സംസ്കരിക്കാന്‍ ഫര്‍ണസ് ഉപയോഗിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

സംഭവത്തിന് പിന്നാലെ എഐ സംവിധാനങ്ങൾ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ ജെമിനൈ, ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള പ്രമുഖ എഐ പ്ലാറ്റ്‌ഫോമുകൾ അപകടകരമായ പ്രവർത്തനങ്ങൾക്ക് നേരിട്ടുള്ള നിർദേശങ്ങൾ നൽകാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ എ.ഐയെ കുറ്റകൃത്യത്തിന്‍റെ കാരണമായി കാണുന്നതിന് പകരം അത് ഉപയോഗിച്ച വ്യക്തിയുടെ ഉദ്ദേശ്യവും പ്രവർത്തനവുമാണ് പ്രധാനമായി കണക്കിലെടുക്കേണ്ടത്.

ഒരു കാലത്ത് വിരലടയാളവും സിസിടിവി ദൃശ്യങ്ങളും ആയിരുന്നു അന്വേഷണത്തിന്‍റെ പ്രധാന ആയുധങ്ങൾ. ഇന്ന് അതിനൊപ്പം ഗൂഗിൾ സെർച്ച് ഹിസ്റ്ററി, എ.ഐ ചാറ്റ് രേഖകൾ, ലൊക്കേഷൻ ഡാറ്റ, ഓൺലൈൻ വാങ്ങലുകൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയും നിർണായക തെളിവുകളായി മാറിയിരിക്കുകയാണ്. ബെംഗളൂരു കൂട്ടക്കൊലക്കേസ് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article