നാല് വയസുള്ള പെൺകുട്ടികളെയടക്കം കടത്താൻശ്രമം, അഞ്ച് പേർ അറസ്റ്റിൽ

News Desk
1 Min Read

ജയ്പൂര്‍: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 10 പെണ്‍കുട്ടികളെ രാജസ്ഥാന്‍ പൊലീസ് രക്ഷപ്പെടുത്തി. ജല്‍വാര്‍ ജില്ലയിലായിരുന്നു സംഭവം.

രാംകന്യ ബായി, ഭിം ശങ്കര്‍ കഞ്ജാര്‍, അന്‍കുഷ് കഞ്ജാര്‍, രമേഷ് കഞ്ജാര്‍, സന്നി കഞ്ജാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനി ബുണ്ടി ജില്ലക്കാരനായ രാംകന്യ ബായിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ മൂന്ന് പേര്‍ ഒളിവിലാണ്. മുഹമ്മദ് ഹനീഫ്, അന്‍വര്‍ ഷേയ്ഖ്, രാജേഷ് ദാബ്‌ലെ എന്നിവരാണ് ഒളിവില്‍. കര്‍ണാടക, ബിഹാര്‍, മുംബൈ സ്വദേശികളാണ് ഇവര്‍.

പ്രധാനമായും കഞ്ജാര്‍ സമുദായത്തില്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് സംഘം ലക്ഷ്യം വെച്ചതെന്ന് ജല്‍വാര്‍ സൂപ്രണ്ട് ഓഫ് പൊലീസ് അമിത് കുമാര്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരില്‍ കൂടുതല്‍ പെണ്‍കുട്ടികളും നാലും അഞ്ചും വയസുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ’11 വയസുവരെ പെണ്‍കുട്ടികളെ അവരുടെ നിയന്ത്രണത്തില്‍ വെക്കും. അതിന് ശേഷം സെക്സ് റാക്കറ്റിന് കൈമാറും. മുംബൈ പോലുള്ള നഗരങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് വിൽക്കുന്നത്. അതാണ് ഈ സംഘത്തിന്റെ രീതി’, അമിത് കുമാര്‍ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article