കോതമംഗലം: യുവതിയെ മർദിച്ച് കഴുത്തുഞെരിച്ച് മരിച്ചെന്നു കരുതി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേലാട് തുമ്പറത്തുകുടി നിതിനെ (30) പട്ടിമറ്റം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോതമംഗലത്താണ് സംഭവം.
തൊട്ടടുത്ത ദിവസം മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കത്തിനിടെയാണ് നിതിൻ പിടിയിലായത്. തുടർന്ന് വിവാഹം മുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കിലെ സ്റ്റാഫാണ് പ്രതി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇക്കഴിഞ്ഞ 23-ന് രാത്രിയിലാണ് സംഭവം. പട്ടിമറ്റം സ്വദേശിനിയായ യുവതിയെ മർദിക്കുകയും തുണി കൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്തശേഷം കൈകൾ ബന്ധിച്ച് കോതമംഗലത്ത് കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി മരിച്ചുവെന്ന് കരുതിയാണ് ഉപേക്ഷിച്ചത്.
എന്നാൽ യുവതിക്ക് ബോധക്ഷയം ഉണ്ടാകുക മാത്രമാണ് ചെയ്തത്. ബോധം വീണ്ടുകിട്ടിയ യുവതി 24-ന് പുലർച്ചെ ജങ്ഷനിലെത്തുകയും വിവരം ധരിപ്പിക്കുകയും ചെയ്തതിനേതുടർന്ന് അവിടെയുണ്ടായിരുന്നവരാണ് കൈകളുടെ കെട്ട് അഴിച്ചത്. നാട്ടിലെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ആക്രമണത്തിനിരയായ യുവതി. യുവതിയും നിതിനും തമ്മിൽ അടുപ്പത്തിലായിരുന്നു. മറ്റൊരു യുവതിയുമായി തന്റെ വിവാഹം നടക്കാനിരിക്കെ ബന്ധത്തിൽനിന്ന് പിൻമാറാൻ യുവതി തയ്യാറാകാതെ വന്നതോടെയാണ് ഇവരെ ഏതുവിധേനെയും ഒഴിവാക്കാൻ നിതിൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച തന്ത്രപൂർവം ഒപ്പംകൂട്ടിയശേഷമാണ് അതിക്രമം നടത്തിയത്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
