തെഹ്റാൻ: ഹോർമൂസ് കടലിടുക്ക് ലംഘിക്കരുതാത്ത ‘ചുവന്ന രേഖ’യാണെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യം. അമേരിക്ക സൈനിക നടപടികൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ മുന്നറിയിപ്പ്.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണം നടത്തുകയാണെങ്കിൽ മേഖലയിലുടനീളമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്നും ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന ഭീഷണി യാഥാർഥ്യമായാൽ, മേഖലയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രഹരങ്ങളിൽ തകർന്നുവീഴും’ എന്നായിരുന്നു ഇറാൻ സൈന്യത്തിൻ്റെ പ്രതികരണം.
ഇറാനെതിരെ വീണ്ടും വ്യാപകമായ ആക്രമണം നടത്തിയതായാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥരീകരിക്കുന്നുണ്ട്.
ഇറാനെതിരെ ശക്തമായ ആക്രമണം അമേരിക്ക തുടരുകയാണ്. തെക്കൻ ഇറാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ആക്രമണങ്ങളെങ്കിലും ഇറാനുള്ളിലെ മറ്റുമേഖലകളെയും അമേരിക്കൻ സൈന്യം ലക്ഷ്യം വെച്ചു. ഹോർമൂസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തിൻ്റെ ഭാഗമായി ഖാർഗ് ദ്വീപിലേക്ക് പോവുകയായിരുന്ന ആളില്ലാത്ത ഒരു എണ്ണക്കപ്പലിനെ ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു.
ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം വീണ്ടും പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പലുകൾക്കെതിരെ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഒരു എണ്ണക്കപ്പലിനെ ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കിയതായാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം.
ഇതിനിടെ ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഇറാൻ്റെ അവകാശവാദം. ‘അമേരിക്കയുടെ ശത്രുതാപരമായ നടപടികൾ തുടർന്നാൽ, ഇറാന്റെ പ്രതികരണം ശത്രുക്കളുടെ കണക്കുകൂട്ടലുകൾക്കപ്പുറമായിരിക്കു’മെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയയെ ഉദ്ധരിച്ച് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ ഏറ്റുമുട്ടൽ മേഖലകൾ രൂപപ്പെടു’മെന്ന മുന്നറിയിപ്പും മുഹമ്മദ് അക്രമീനിയ നൽകിയിട്ടുണ്ട്.
‘ആവശ്യമെങ്കിൽ കരാറിൽ നിന്ന് പിന്മാറി യുദ്ധം പുനരാരംഭിക്കാമെന്ന് അമേരിക്കയുമായുള്ള ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം നയതന്ത്രത്തിനും ഇപ്പോഴും പ്രാധാന്യമുണ്ടെന്നും നിലവിലെ കരാർ നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും ആഗ്രഹിക്കുന്നില്ല. എന്നാൽ ഏത് ഏറ്റുമുട്ടലിനെയും നേരിടാൻ എപ്പോഴും തയ്യാറായിരിക്കണം’ എന്നായിരുന്നു ഖാലിബാഫ് പ്രസ്താവനയിൽ പറഞ്ഞത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
