ന്യൂഡല്‍ഹി: ഇറാന്-യുഎസ് ചര്‍ച്ചയില്‍ വരും മണിക്കൂറില്‍ സന്തോഷകരമായ വാര്‍ത്ത കേള്‍ക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ന്യൂഡല്‍ഹിയില്‍ എത്തിയ മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റൂബിയോ മാധ്യമങ്ങളെ കണ്ടത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം, വ്യാപാരം, വിസ പ്രശ്നങ്ങള്‍, സമുദ്ര സുരക്ഷ, ഊര്‍ജ വിതരണം എന്നീ വിഷയങ്ങള്‍ എസ്. ജയശങ്കര്‍-മാര്‍ക്കോ റൂബിയോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇറാന്-യുഎസ് സമാധാന ചര്‍ച്ചയില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ പുരോഗതിയുണ്ടായതായി റൂബിയോ പറഞ്ഞു. അടുത്ത മണിക്കൂറില്‍ ശുഭ വാര്‍ത്ത കേള്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതായിരിക്കും സമാധാന കരാര്‍ എന്നും റൂബിയോ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്ന രീതിയിലാകും സമാധാന കരാര്‍ എന്നാണ് റൂബിയോ പറയുന്നത്. ഇറാനെതിരെ ഗുരുതര ആരോപണങ്ങളും റൂബിയോ ഉന്നയിച്ചു. ലോകത്ത് ഭീകരവാദം സ്പോണ്സര് ചെയ്യുന്നതില്‍ മുന്നില്‍ ഇറാനാണെന്നാണ് റൂബിയോയുടെ ആരോപണം.
ഇറാന് പണം ചെലവഴിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്കോ അടിസ്ഥാന സൗകര്യ വികസനത്തിനോ അല്ല, ഹിസ്ബുള്ളയ്ക്കും ഹമാസിനും വേണ്ടിയാണെന്നും റൂബിയോ ആരോപിച്ചു. ഹിസ്ബുള്ളയും ഹമാസും ഇറാന്റെ ആക്സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
