ട്രെയിനിൽ യാത്രക്കാർ തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു

News Desk
1 Min Read

മുംബൈ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിൽ സംഘർഷം. പരൽ – അമ്പർനാഥ് ലോക്കൽ ട്രെയിനിന്റെ ല​ഗേജ് കോച്ചിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിവള ഉപയോ​ഗിച്ചാണ് തമ്മിൽത്തല്ല് നടന്നതെന്നാണ് വിവരം. വഴക്കിനിടയിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന ഇടിവള മറ്റേയാളുടെ തലയിൽ ആഞ്ഞടിച്ചാണ് എതിരെ നിന്നയാൾക്ക് പരിക്കേറ്റത്. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ മൂർച്ചയേറിയ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തുകയും തമ്മിലടിച്ച രണ്ട് പേരെ പിടിച്ചുമാറ്റുകയുമായിരുന്നു. സംഭവത്തിൽ കല്യാൺ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാർക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സെൻട്രൽ റെയിൽവേ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article