ഥാർ ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ച് മുങ്ങി

News Desk
1 Min Read

ഗുരു​ഗ്രാം: ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ ഥാർ ഇടിച്ച് വീട്ടുജോലിക്കാരിയായ മധ്യവയസ്ക മരിച്ചു. കാർ റിവേഴ്സെടുക്കുന്നതിനിടെ കാർ പാർക്കിങ് ഏരിയയിൽ കിടന്നുടങ്ങുകയായിരുന്ന മധ്യവയസ്കയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തിന് പിന്നാലെ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം അപകടസ്ഥലത്ത് തന്നെ തിരികെക്കൊണ്ട് വന്ന് ഉപേക്ഷിച്ച ശേഷം വാഹനമോടിച്ചിരുന്ന സ്ത്രീ കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മഹോബ സ്വദേശിയായിരുന്ന ​ഗുഡ്ഡി (57) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഹൗസിങ് സൊസൈറ്റിയിലെ വിവിധ ഫ്ളാറ്റുകളിൽ വീട്ടുജോലി ചെയ്തുവന്നിരുന്നയാളാണ് ​ഗുഡ്ഡിയെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉച്ചസമയത്ത് സൊസൈറ്റിയിലെ പാർക്കിങ് ഏരിയയിൽ വിശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സ്ത്രീ അശ്രദ്ധയോടെ വാഹനം പിറകോട്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഗുഡ്ഡിയെ, സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്.

മരണം ഉറപ്പായതോടെ പോലീസിനെ വിവരമറിയിക്കാനോ തുടർന്നുള്ള നിയമനടപടികളുമായി സഹകരിക്കാനോ സ്ത്രീ തയ്യാറായില്ല.ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ഗുഡ്ഡിയുടെ മൃതദേഹം തിരികെ കാറിൽ കയറ്റി അപകടം നടന്ന ഹൗസിങ് സൊസൈറ്റിക്ക് സമീപത്തെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ​ഗുരു​ഗ്രാം പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article