അന്ന് നീറ്റ് ഇരകൾക്കായി കോടതി കയറിയ ഹീറോ; ഇന്ന് കോടികളുടെ ചോദ്യപേപ്പർ മാഫിയയിലെ വില്ലൻ; എം സാറിന്റെ ഇരട്ടമുഖം കണ്ട് ഞെട്ടി രാജ്യം

News Desk
3 Min Read

ലാത്തൂർ: രണ്ട് വർഷം മുൻപ് രാജ്യം മുഴുവൻ ഉലച്ച നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെ രക്ഷകനായി അവതരിച്ച് കൈയടി നേടിയ പ്രമുഖ കെമിസ്ട്രി അധ്യാപകനാണ് ഇപ്പോൾ ചോദ്യപേപ്പർ ചോർച്ചക്കേസിൽ സിബിഐയുടെ പിടിയിലായ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ എന്ന എം സാർ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള പ്രശസ്ത കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമയാണ് ഇയാൾ.

ഞായറാഴ്ച ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തിയ റെയ്ഡിൽ മൊട്ടേഗാവ്കറുടെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് നീറ്റ് ഇരകൾക്കായി സിസ്റ്റത്തോട് പോരാടിയ വ്യക്തി തന്നെ ഇന്ന് അതേ പരീക്ഷ അട്ടിമറിക്കാൻ കൂട്ടുനിന്നു എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് സിബിഐ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

വിദ്യാർത്ഥികൾക്കായി ശബ്ദമുയർത്തിയ വലിയൊരു മുൻകാല ചരിത്രമുള്ള വ്യക്തിയാണ് എം സാർ എന്നതിനാൽ ഈ അറസ്റ്റ് അക്കാദമിക് ലോകത്തെയാകെ അമ്പരപ്പിച്ചിട്ടുണ്ട്.

2024 ൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വലിയ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നപ്പോൾ വിദ്യാർത്ഥികൾക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്ന് കാണിച്ച് ഇദ്ദേഹം ശക്തമായി രംഗത്തുവന്നിരുന്നു. അന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഔറംഗബാദ് ഹൈക്കോടതി ബെഞ്ചിലും ബോംബെ ഹൈക്കോടതിയിലും പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തതായി കാറിലിരുന്ന് റെക്കോർഡ് ചെയ്ത ഒരു വീഡിയോ സനദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും ഇതിനെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഒരു വലിയ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുമെന്നും അന്ന് പ്രഖ്യാപിച്ച ആളാണ് ഇന്ന് രണ്ട് വർഷത്തിന് ശേഷം അതേ കേസിൽ പ്രതിയായി സിബിഐയുടെ കസ്റ്റഡിയിലാകുന്നത്. അന്ന് അദ്ദേഹം നടത്തിയ വികാരനിർഭരമായ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ലാത്തൂരിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് സ്വന്തം കഠിനാധ്വാനത്തിലൂടെ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് എം സാർ എന്ന് വിളിക്കുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ. സൈക്കിളിൽ സഞ്ചരിച്ച് ട്യൂഷനുകൾ എടുത്തു തുടങ്ങിയ അദ്ദേഹം 1990 കളുടെ അവസാനത്തിൽ വെറും പത്ത് കുട്ടികളുമായി ഒരു ചെറിയ വാടകമുറിയിലാണ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

താൻ തന്നെ സ്വന്തമായി എഴുതി തയ്യാറാക്കിയ കെമിസ്ട്രി നോട്സുകളിലൂടെയും കുട്ടികളോടുള്ള സവിശേഷമായ അധ്യാപന ശൈലിയിലൂടെയും അദ്ദേഹം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ പ്രിയങ്കരനായി മാറി. പ്രവേശന പരീക്ഷകളിൽ വൻതോതിൽ റാങ്ക് ജേതാക്കളെ സൃഷ്ടിച്ചതോടെ അദ്ദേഹം സ്ഥാപിച്ച രേണുകായ് കെമിസ്ട്രി ക്ലാസസ് മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോച്ചിംഗ് ശൃംഖലകളിൽ ഒന്നായി വളരുകയായിരുന്നു.

നിലവിൽ ലാത്തൂരിലെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ഒൻപത് ശാഖകളാണ് ആർസിസിക്ക് ഉള്ളത്. പ്രതിവർഷം നാൽപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് നീറ്റ്, ജെഇഇ, സിഇടി പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിനായി ഇവിടെ പ്രവേശനം നേടുന്നത്.

സോഷ്യൽ മീഡിയയിലും വലിയ സ്വാധീനമുള്ള എം സാറിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 68,000 ഫോളോവേഴ്സ് ഉണ്ട്. സ്വന്തമായി മൊബൈൽ ആപ്പും യൂട്യൂബ് ചാനലുകളും വഴി കെമിസ്ട്രി നോട്സുകളും ഓൺലൈൻ ടെസ്റ്റ് സീരീസുകളും ഇദ്ദേഹം വലിയ തോതിൽ വിതരണം ചെയ്തിരുന്നു.

പരീക്ഷാ രംഗത്തെ ഈ വലിയ സ്വാധീനവും കുട്ടികൾക്ക് തന്നിലുള്ള വിശ്വാസ്യതയും മുതലെടുത്താണ് ലക്ഷങ്ങൾ മറിയുന്ന ചോദ്യപേപ്പർ ചോർച്ചാ മാഫിയയുമായി ഇദ്ദേഹം കൈകോർത്തതെന്നാണ് സിബിഐ കണ്ടെത്തൽ.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ച പഴയ പോരാളിയിൽ നിന്നും കോടികളുടെ പരീക്ഷാ തട്ടിപ്പിലെ പ്രധാന പ്രതിയിലേക്കുള്ള എം സാറിന്റെ വീഴ്ച വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!