മീൻ പിടിക്കാൻ പോയ ഏഴാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; സുഹൃത്തുക്കൾ പിടിയിൽ

News Desk
1 Min Read

കോയമ്പത്തൂർ: സുഹൃത്തുക്കളുമൊന്നിച്ചു മീൻ പിടിക്കാൻ പോയി കാണാതായ ഏഴാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് പിടികൂടി. കോയമ്പത്തൂർ ഇരുഗൂർ ന്യൂ കോളനി സ്വദേശി ഭാരതിരാജയുടെ മകൻ തിവിഷ് (13) ആണു കൊല്ലപ്പെട്ടത്. കെജി പുതൂർ കോർപറേഷൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 15ഉം 13ഉം വയസ്സുള്ള സുഹൃത്തുക്കളാണു പിടിയിലായത്.

മേയ് 15ന് രാവിലെ കോർപറേഷൻ ജീവനക്കാരായ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തു വീട്ടിൽനിന്നു മീൻ പിടിക്കാനായി ഇരുഗൂർ റെയിൽവേ ട്രാക്കിനു സമീപത്തെ കനാലിലേക്കു പോയ ശേഷമാണ് കുട്ടിയെ കാണാതായത്.

ഉച്ചകഴിഞ്ഞ് എത്തിയ രക്ഷിതാക്കൾ തിവിഷിനെ അന്വേഷിച്ചപ്പോഴാണ് മീൻ പിടിക്കുന്നതിനിടെ ബൈക്കിൽ എത്തിയ ബന്ധു കുട്ടിയെ വിളിച്ചുകൊണ്ടുപോയതായി സുഹൃത്തുക്കൾ പറഞ്ഞത്. രാത്രിവരെ അന്വേഷിച്ചെങ്കിലും വിവരങ്ങൾ ലഭിക്കാഞ്ഞതിനെ തുടർന്ന് സിങ്കാനല്ലൂർ പൊലീസിൽ പരാതി നൽകി.

48 മണിക്കൂർ നീണ്ട അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളോ മറ്റു തെളിവുകളോ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞു കുടുങ്ങിയത്.

ഒരേ മേഖലയിൽ താമസക്കാരായ മൂന്നുപേരും പത്താം ക്ലാസിൽ പഠിക്കുന്ന മുതിർന്ന കുട്ടിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ തുണി വാങ്ങാനായി പോയിരുന്നു. ഇവിടെയുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ സഹായത്തോടെ മീൻ പിടിക്കാൻ പോകാമെന്നു വിളിച്ചുവരുത്തിയാണ് കനാലിനു സമീപം എത്തിച്ചത്. ഇവിടെ വച്ചു തിവിഷിനെ ചോദ്യം ചെയ്യുകയും ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ടു തലയിൽ അടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.

ചെളിനിറഞ്ഞ കനാലിൽ വീണ കുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ഇരുവരും വീട്ടിലേക്കു മടങ്ങിയത്. ഇളയ കുട്ടിയെ നോക്കാൻ തിവിഷിനെ ഏൽപിച്ചാണ് മാതാപിതാക്കൾ ജോലിക്കു പോയിരുന്നത്. ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഏറ്റുവാങ്ങാൻ രക്ഷിതാക്കൾ തയാറായില്ല.

ആദ്യഘട്ടത്തിലെ അന്വേഷണത്തിനിടയിൽ മൊഴി മാറ്റിപ്പറഞ്ഞ രണ്ടു സുഹൃത്തുക്കളെയും ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്കു മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!