വ്യാജമദ്യ ദുരന്തം; മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നാലുപേര്‍ മരിച്ചു, നിരവധി ആളുകള്‍ ചികിത്സയില്‍

News Desk
1 Min Read

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തില്‍ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചതിന് പിന്നാലെ ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വ്യാജമദ്യം കഴിച്ച് 20 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണ്.12 പേര്‍ ഭാവ്‌നഗര്‍ സിറ്റി ആശുപത്രിയിലും അഞ്ചുപേര്‍ ആരോഗ്യാം ആശുപത്രിയിലും ഒരാള്‍ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേര്‍ വേദ് ഐസിയുവിലുമാണ്.

ഭാവ്‌നഗര്‍, മദ്യപ്രദേശ് സ്വദേശികള്‍ ചേര്‍ന്നാണ് വ്യാജമദ്യം വില്‍പന നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യാജമദ്യം ഉല്‍പാദിപ്പിച്ച് വില കൂടിയ മദ്യ കുപ്പികളില്‍ നിറച്ചാണ് ശരിക്കുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ച് വില്‍പന നടത്തിയത്. എത്ര കുപ്പി വ്യാജമദ്യം വിറ്റഴിച്ചു, എവിടെയെക്കെ മദ്യം വിതരണം ചെയ്തു എന്നീ കാര്യങ്ങള്‍ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജമദ്യ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കെയാണ് വ്യാജമദ്യം കുടിച്ച് അപകടമുണ്ടായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article