തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ് വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ.
ആശാ വർക്കമാരുടെ വേതനവർധന, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ കോൺഗ്രസിൻ്റെ രണ്ട് ഗ്യാരൻ്റികളാണ് നടപ്പിലാക്കുന്ന സൗജന്യയാത്രയും ആശാ വർക്കർമാരുടെ വേതനവർധനവും.
– ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ അറിയിക്കും.
– വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ഇതിനുമുൻപ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
– ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കും. ആദ്യഘട്ടത്തിൽ 3000 രൂപ വർധിപ്പിക്കും.
കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയർമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, അനിൽ കുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
