ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28-കാരിയായ ഡൽഹി സ്വദേശിനി ആകൃതി സുതറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലിക കുഞ്ചിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡൽഹിയിലെ പുഷ്പ് വിഹാറിൽ താമസിക്കുന്ന ആകൃതി തന്റെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽ എങ്ങനെ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് പരിശോധനയിൽ രക്തക്കറകൾ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടേത് ആസൂത്രിത കൊലപാതകമാണെന്നും ആകൃതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ 24-നാണ് ആകൃതിയും അരസ്തു സിക്കയും വിവാഹിതരായത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ചത്തർപൂരിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയിരുന്ന ആകൃതിയും അരസ്തുവും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹത്തിനുശേഷം, 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ആകൃതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നും ആകൃതിയെ കൊല്ലുമെന്ന് അരസ്തു പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി.
സംഭവദിവസം വൈകുന്നേരം ആറുമണിക്ക് പെൺകുട്ടി വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും താൻ വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞിരുന്നുവെന്നും ആകൃതിയുടെ അമ്മ പറഞ്ഞു. എന്നാൽ എട്ടുമണിയോടെ ആകൃതിയെ കാണാനില്ലെന്ന് അരസ്തു കുടുംബത്തെ അറിയിക്കുകയും ഒന്നര മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയതായി പോലീസ് വിവരം നൽകുകയുമായിരുന്നു.
സംഭവത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 196 പ്രകാരം പോലീസ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് സൗത്ത് ഡൽഹി പോലീസ് ഓഫീസർ ആനന്ദ് മിത്തൽ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
