പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി; കൊല്‍ക്കത്തയില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

0
26

കൊല്‍ക്കത്ത: പിറന്നാള്‍ ആഘോഷത്തിന് വിളിച്ചു വരുത്തി ഇരുപതുകാരിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഹരിദേവ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആക്രമിച്ച രണ്ട് യുവാക്കള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ചന്ദന്‍ മാലിക്, ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനായി പ്രതികള്‍ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ചന്ദന്‍ മാലിക്കാണ് ദീപിന്റെ വീട്ടില്‍ എത്തിച്ചത്. ഇവിടെ വെച്ച് പിറന്നാള്‍ ആഘോഷിക്കാമെന്നായിരുന്നു പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നത്. പ്രതിയായ ദീപ് സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് സൂചന.

വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ പിറന്നാള്‍. ഈ ദിവസം രാത്രി ദീപിന്റെ ഫ്‌ളാറ്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് തടഞ്ഞുവെച്ചു. മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടുന്നത്. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ചന്ദന്‍ മാലിക്കിനെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ദക്ഷിണ കൊല്‍ക്കത്തയിലെ വലിയൊരു ദുര്‍ഗാ പൂജ കമ്മിറ്റിയുടെ തലവനാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ചന്ദന്‍ മാലിക്കാണ് ദീപിനെ പെണ്‍കുട്ടിക്കു പരിചയപ്പെടുത്തിയത്. ഇതിനു ശേഷം മൂന്ന് പേരും സൗഹൃദം തുടര്‍ന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ബലാത്സംഗം ചെയ്തതെന്നാണ് എഫ്‌ഐആര്‍.