ജീവനക്കാരുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നൽകി കോർപ്പറേറ്റ് ലോകത്ത് പുതിയ മാതൃകയാവുകയാണ് ഡൽഹി ആസ്ഥാനമായുള്ള എലൈറ്റ് മാർക്ക് എന്ന പി.ആർ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായ രജത് ഗ്രോവർ. മാതൃദിനത്തോടനുബന്ധിച്ച് തന്റെ ജീവനക്കാർക്കായി അദ്ദേഹം പ്രഖ്യാപിച്ച ‘പേരന്റൽ പെർക്ക്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം മൂന്ന് ദിവസം യാത്ര പോകാനായി 10,000 രൂപ കമ്പനി റീഇംബേഴ്സ്മെന്റ് ആയി നൽകും. ഇത് കേവലം ഒരു ബോണസ് മാത്രമല്ല, ഇതിനായി എടുക്കുന്ന മൂന്ന് ദിവസത്തെ അവധി ജീവനക്കാരുടെ ഔദ്യോഗിക അവധി പട്ടികയിൽ ഉൾപ്പെടില്ല എന്നതും ശ്രദ്ധേയമാണ്. അതായത്, ശമ്പളത്തോടു കൂടിയ പ്രത്യേക അവധിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
”നമുക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചവരോട് നാം എപ്പോഴും ‘മറ്റൊരു ദിവസം ആവാം’ എന്ന് പറയാറുണ്ട്. നമ്മുടെ മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങളും സമയവും ഊർജ്ജവും നമുക്കായി നൽകി. തിരിച്ച് അവർ ഒന്നും ചോദിച്ചതുമില്ല. ‘നിങ്ങൾ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം എന്താണ്?’ എന്ന് അവരോട് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നിശബ്ദമായി നിറവേറ്റിക്കൊടുക്കുക എന്നതാണ് നമ്മുടെ കടമ. ഞാൻ ഈ കമ്പനി കെട്ടിപ്പടുക്കുന്നതിന് മുൻപേ, എനിക്ക് വേണ്ടി പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് ആഹാരം പാകം ചെയ്യാനും വീട് നോക്കാനും ഒരാളുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ സാധിച്ചത്. മാതാപിതാക്കളോടൊപ്പം ഇനി എത്ര കാലം നമുക്ക് ലഭിക്കുമെന്ന് അറിയില്ല. അതുകൊണ്ട് അവർക്ക് പോകാൻ ആഗ്രഹമുള്ളിടത്തേക്ക് ഇപ്പോൾ തന്നെ കൊണ്ടുപോകൂ. കാത്തുനിൽക്കരുത്.”
ലാഭവിഹിതത്തിന് മാത്രം മുൻഗണന നൽകുന്ന ഇന്നത്തെ കോർപ്പറേറ്റ് സംസ്കാരത്തിൽ, ഗ്രോവറിന്റെ ഈ നിലപാട് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ‘ലോകം മുഴുവൻ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ’ തുടങ്ങിയ നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
