വലിയ ഒറ്റക്കക്ഷിയായി ടിവികെ; മാജിക് നമ്പറിലെത്താൻ ഇനിയുംവേണം 11 പേർ

News Desk
1 Min Read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ നടൻ വിജയ്‌യുടെ പാർട്ടി നേടിയത് 107 സീറ്റുകൾ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപവത്കരിക്കാനുള്ള കേവലഭൂരിപക്ഷം തികയ്ക്കാൻ ഇനിയും വേണം 11 എംഎൽഎമാരുടെ പിന്തുണ. 234 അംഗ നിയമസഭയിലെ മാജിക് നമ്പറായ 118 തികയ്ക്കാൻ വിജയും ടിവികെയും എന്തുചെയ്യുമെന്നാണ് തമിഴകരാഷ്ട്രീയം ഉറ്റുനോക്കുന്നത്.

നിലവിൽ ഡിഎംകെയുമായി സഖ്യത്തിലുള്ള കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചേക്കുമെന്നാണ് ടിവികെയുടെ ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് ഇക്കുറി അഞ്ച് സീറ്റിലാണ് വിജയിച്ചത്. സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ ജയിച്ചതാകട്ടെ രണ്ടു സീറ്റുകളിൽ വീതമാണ്.

2006-ൽ കേവലഭൂരിപക്ഷമില്ലാതിരുന്ന ഡിഎംകെ സർക്കാർ പുറമേനിന്നുള്ള പിന്തുണയോടെ ഭരിച്ച സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തേതെന്ന് ടിവികെയുടെ ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാണിക്കുന്നു. ഡിഎംകെ സഖ്യത്തിൽനിന്നുള്ള പാർട്ടികൾ ടിവികെയെ പിന്തുണയ്ക്കുന്നപക്ഷം സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നതും ഉറപ്പാണ്.

ടിവികെയ്ക്ക് മുന്നിലുള്ള മറ്റൊരു സാധ്യത, എഐഎഡിഎംകെ നേതൃത്വംനൽകുന്ന മുന്നണിയിലെ പട്ടാളി മക്കൾ കക്ഷി (പിഎംകെ)യുടെ പിന്തുണ സ്വീകരിക്കുക എന്നതാണ്. അഞ്ച് സീറ്റുകളാണ് ഇവരുടെ സമ്പാദ്യം. അതേസമയം, എഐഎഡിഎംകെയുമായി ഏതെങ്കിലും വിധത്തിൽ നേരിട്ടുള്ള സഖ്യത്തിന് വിജയ് മുതിരാനുള്ള സാധ്യത വിരളമാണ്.

കാരണം, അവരുടെ ബിജെപി ബാന്ധവംതന്നെ. ടിവികെയുടെ ആശയപരമായ എതിരാളിയെന്നാണ് വിജയ് ബിജെപിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനാൽത്തന്നെ ബിജെപിയുമായി സഖ്യത്തിലുള്ള എഐഎഡിഎംകെയുമായി കൈകോർക്കാൻ വിജയ് തയ്യാറാകില്ല.

ടിവികെ സർക്കാർ രൂപവത്കരിക്കുമെന്നും സ്ഥിരതയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും പാർട്ടിയുടെ യുവ എംഎൽഎമാരിൽ ഒരാളായ ആർ. ചരൺ എൻഡിടിവിയോടു പ്രതികരിച്ചു. സഖ്യത്തെക്കുറിച്ചും മറ്റ് പാർട്ടികളിൽനിന്ന് പിന്തുണ സ്വീകരിക്കുന്നതിനേക്കുറിച്ചും പാർട്ടി ഹൈക്കമാൻഡ് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഗംഭീരപ്രകടനമാണ് വിജയും ടിവികെയും കാഴ്ചവെച്ചത്. പെരമ്പൂരിൽനിന്നും ട്രിച്ചി ഈസ്റ്റിൽനിന്നും ജനവിധി തേടിയ വിജയ്, രണ്ടുമണ്ഡലത്തിലും വിജയിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!