ഹൈദരാബാദ്: റീൽസ് എടുത്ത് തുടർച്ചയായി സ്വകാര്യ സ്കൂളുകളെ പുകഴ്ത്തിയെന്ന ആരോപണം നേരിട്ട സർക്കാർ സ്കൂൾ അധ്യാപിക രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ ബൂക്യ ഗൗതമിയാണ് 12 വർഷം നീണ്ടുനിന്ന സർക്കാർ സ്കൂളിലെ അധ്യാപനം അവസാനിപ്പിച്ചത്.
വിവാദത്തെ തുടർന്ന് ഏറെ നാളായി അധ്യാപിക സസ്പെൻഷനിലായിരുന്നു. രാജി പ്രഖ്യാപനവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽസിലൂടെയാണ് അധ്യാപിക അറിയിച്ചത്. വിവാദങ്ങൾ നൽകിയ അപമാനവും സമ്മർദവും താങ്ങാനാവുന്നില്ലെന്നും വിഡിയോയിൽ അധ്യാപിക പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ സ്വകാര്യ സ്കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം നേടാൻ പിന്തുണ നൽകിയെന്നും സർക്കാർ സ്കൂളിൽ ചെയ്യേണ്ട കടമകൾ നിർവഹിച്ചില്ലെന്നും കാട്ടിയാണ് ഗൗതമിക്ക് ജനുവരിയിൽ അധികൃതർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
വിവാദങ്ങൾക്ക് മറുപടിയായി റീല്‍സ് എടുത്തത് സ്കൂൾ സമയത്തല്ലെന്നും വീട്ടിലാണ് റിക്കോർഡ് ചെയ്തതെന്നും ഗൗതമി മറുപടി നൽകി. സ്കൂളിലെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും ചെയ്യാതിരുന്നിട്ടില്ലെന്നും 12 വർഷമായി സേവനം നൽകുന്നതായും അധ്യാപിക ചൂണ്ടിക്കാട്ടി. എന്നാൽ മറുപടി തൃപ്തികരമല്ലെന്ന കാരണത്താൽ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പുനർനിയമനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോഴും അനുകൂല നടപടി ലഭിച്ചില്ലെന്നും ഓഫിസിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും അധ്യാപിക ആരോപിക്കുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഗൗതമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ അധ്യാപികയ്ക്ക് 3.28 ലക്ഷം ഫോളോവേഴ്‌സുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
