വാഷിംഗ്ടൺ: എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിലുള്ള വിസ പുതുക്കുന്നതിന് അധിക ഫീസ് ഈടാക്കാനാണ് പുതിയ നീക്കം. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന അമേരിക്കയിലുള്ള ഇന്ത്യക്കാരായ തൊഴിലാളികളെയായിരിക്കും.
ഇതുവരെ പുതിയ എച്ച്-1ബി, എൽ-1 വിസകൾക്ക് മാത്രമായിരുന്നു ഈ ഫീസ് നൽകേണ്ടിയിരുന്നത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ എച്ച്-1ബിയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വിസ പുതുക്കുന്നതിന് വൻതുക അധികമായി നൽകേണ്ടി വരും.
2025ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ വിസ പുതുക്കിയത് ഇന്ത്യക്കാരായ വിദഗ്ധ തൊഴിൽ ചെയ്യുന്നവരാണ്. അതിനാൽ ഈ പുതിയ നീക്കം ഏറ്റവുമധികം ബാധിക്കുന്നത് അവരെയായിരിക്കും. അതിവിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് പുതിയ എച്ച്-1ബി വിസ അനുവദിക്കുന്നതിന് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ മാസം യുഎസ് കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ പുതുക്കുന്നതിന് അധിക ഫീസ് ഈടാക്കാനുള്ള പുതിയ നീക്കം.
2024 ജൂണിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയും ചേർന്ന് ഇത് സംബന്ധിച്ച പുതിയ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. 2026ലെ ട്രംപ് ഭരണകൂടത്തിന്റെ ഔദ്യോഗിക അജണ്ടയുടെ ഭാഗമായുള്ള ഈ നിയമത്തിന്റെ അന്തിമ വിജ്ഞാപനം വരും ആഴ്ചകളിൽ തന്നെ പുറത്തിറക്കും.
അമേരിക്കയിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ് 9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്സിറ്റ് ഫീസ്. ഇനിമുതൽ എച്ച്-1ബി, എൽ-1 വിസ പുതുക്കുമ്പോഴും ഈ ഫീസ് ഈടാക്കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ പുതിയ അപേക്ഷകൾക്കും, തൊഴിലാളികൾ കമ്പനി മാറുമ്പോഴും മാത്രമാണ് ഈ ഫീസ് ഈടാക്കിയിരുന്നത്.
അമേരിക്കയിൽ അൻപതിൽ കൂടുതൽ ജീവനക്കാരുള്ള, അതിൽ പകുതിയിലധികം പേർ എച്ച്-1ബി, എൽ-1 വിസകളിൽ ജോലി ചെയ്യുന്നവരുമായ കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക. പുതിയ എച്ച്-1 ബി വിസക്ക് 4,000 ഡോളറും, എൽ-1 വിസക്ക് 4,500 ഡോളറുമാണ് നിലവിൽ ഇത്തരം കമ്പനികൾ നൽകേണ്ടത്. ഇനിമുതൽ ജീവനക്കാരുടെ വിസ കാലാവധി നീട്ടുന്നതിനും കമ്പനികൾ ഈ തുക നൽകേണ്ടിവരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
