ബാലഭാസ്കറിന്റെ മരണം: സിബിഐ പ്രത്യേക സംഘം പുനരന്വേഷണം ആരംഭിച്ചു

News Desk
1 Min Read

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചു. പോലീസും സി.ബി.ഐ.യും നേരത്തെ സമർപ്പിച്ച അപകടമരണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ ഹർജി ശരിവെച്ചാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊച്ചി സി.ബി.ഐ. അഴിമതി നിരോധന യൂണിറ്റിലെ എസ്.പി. വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കുകയും ബാലഭാസ്കറിന്റെ മാതാപിതാക്കളിൽനിന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം, പിതാവിന്റെ പരാതിയിൽ പറയുന്ന വ്യക്തികൾക്ക് നോട്ടീസ് നൽകി വിളിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരു സിനിമാ സംവിധായകൻ വിളിച്ചതിനെത്തുടർന്നാണ് തൃശ്ശൂരിലെ ഹോട്ടലിൽ കുടുംബവുമൊത്ത് തങ്ങിയിരുന്ന ബാലഭാസ്കർ പെട്ടെന്ന് തിരുവനന്തപുരത്തേക്ക് പോയതെന്ന വാദം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, താൻ അങ്ങനെ വിളിച്ചിട്ടില്ലന്നാണ് പ്രസ്തുത സംവിധായകൻ വ്യക്തമാക്കിയത്. ഈ ദുരൂഹതകളും മുൻ അന്വേഷണ റിപ്പോർട്ടിൽ വിട്ടുപോയ സുപ്രധാന കാര്യങ്ങളും മുൻനിർത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുക.

2018 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെടുകയും ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. അപകടത്തിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നതടക്കം നിരവധി ആക്ഷേപങ്ങളുയർന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!