ബന്ധുവിനെ യാത്രയാക്കാൻ കയറിയ 12 പേർ വന്ദേഭാരതിൽ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

News Desk
1 Min Read

ലക്നൗ: റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയാക്കാൻ എത്തുമ്പോൾ സാധനങ്ങൾ എടുത്തുവച്ച് സഹായിക്കാനായി ട്രെയിനിൽ ഒപ്പം കയറുന്നവർ ഉണ്ടാവും. എന്നാൽ വന്ദേഭാരതിൽ ഇത്തരം ‘സഹായം’ ചെയ്യുന്നവർ സൂക്ഷിക്കുക. ഉത്തർപ്രദേശിൽ 36000 രൂപയാണ് ബന്ധുവിനെ സഹായിച്ചവർക്ക് റെയിൽവേ പിഴയിട്ടത്. യുപിയിലെ കാൺപുരിൽ നിന്നും എത്തിയ 12 പേരാണ് ബന്ധുവിനെ യാത്രയാക്കാനായി ഒപ്പം ട്രെയിനിൽ കയറിയത്.

രാവിലെ 9.26ന് കാൺപുരിൽ എത്തിയ വന്ദേഭാരത് ട്രെയിൻ 9.30നാണ് സ്റ്റേഷൻ വിട്ടത്. ഈ സമയം ബന്ധുവിനൊപ്പം ട്രെയിനുള്ളിൽ കയറിയ 12 പേർ തിരിച്ചിറങ്ങാനാകാതെ കുടുങ്ങി. താനെ അടയുന്ന യന്ത്രവാതിലുകൾ ഉള്ളതിനാൽ ട്രെയിൻ എടുത്താൽ പിന്നെ വന്ദേഭാരതിൽ നിന്ന് ഇറങ്ങാൻ കഴിയില്ല. തുടർന്ന് യാത്രക്കാരന്റെ ബന്ധുക്കൾ ട്രെയിനുള്ളിൽ ബഹളം ഉണ്ടാക്കുകയും വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഈ സമയം ട്രെയിൻ വേഗത കൈവരിച്ച് യാത്ര തുടങ്ങിയിരുന്നു. ബഹളത്തിനൊടുവിൽ വന്ദേഭാരതിനു സ്റ്റോപ് ഇല്ലാത്ത ഇറ്റാവ സ്റ്റേഷനിൽ 10:49ഓടെ നിർത്തി, 12 പേരെയും പുറത്തിറക്കി.

റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് ബന്ധുവിനെ യാത്രയാക്കാൻ എത്തിയതെന്ന് കണ്ടെത്തി. യാത്രാടിക്കറ്റോ പ്ലാറ്റ് ഫോം ടിക്കറ്റോ എടുക്കാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിനും വന്ദേഭാരതിൽ കയറിയതിനും ഓരോരുത്തർക്കും 3000 രൂപ വീതം ആകെ 36000 രൂപ റെയിൽവേ പിഴയിട്ടു. തുടർന്ന് ഈ തുക അടച്ച ശേഷം 12 പേരെയും പൊലീസ് വിട്ടയച്ചു. തെറ്റ് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!