കൊച്ചി: ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഒന്നരവർഷമായി യുഎഇ അജ്മാനിലെ ഫൊറൻസിക് ലബോറട്ടറിയിൽ സൂക്ഷിക്കുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാൻ ഹൈക്കോടതി ഉത്തരവ്.
റോബർട്ട് ഫ്രാൻസിസ് സഹായന്റെ (71) മൃതദേഹം ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബക്കല്ലറയിൽ മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടത്. തടസ്സമുണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണത്തിനും ഉത്തരവിട്ടു.
2025 മാർച്ച് 26നാണ് യുഎഇയിൽ റോബർട്ട് ഫ്രാൻസിസ് ജീവനൊടുക്കിയത്. അന്നുമുതൽ മൃതദേഹം ലാബിൽ സൂക്ഷിക്കുകയാണ്. മൃതദേഹം എവിടെ സംസ്കരിക്കണം എന്നതിലായിരുന്നു തർക്കം.
നാട്ടിലെത്തിച്ചു കുടുംബക്കല്ലറയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു സഹോദരിയുടെ മകൾ കൊല്ലം സ്വദേശി മേരി വിക്ടോറിയയാണു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, അനന്തരവനായ ജോൺസൺ ഫിലിപ്സ് മൃതദേഹം യുഎഇയിൽ സംസ്കരിക്കണമെന്ന നിലപാട് എടുത്തു. ഈ തർക്കംമൂലം മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ കഴിയുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോടതിയിൽ വിഷയം വന്നപ്പോൾ നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിൽ തർക്കമില്ലെന്ന് ഇരുവരും അറിയിച്ചു. തുടർന്നു നിർദേശം നൽകി 22 ന് ഇടക്കാല ഉത്തരവിട്ടു.
ഇതിനിടെ വീണ്ടും തർക്കമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അന്തസ്സോടെയുള്ള സംസ്കാരത്തിനുമായി കൂടുതൽ നിർദേശങ്ങൾ നൽകി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയവും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ചേർന്നു മൃതദേഹം നാട്ടിലെത്തിക്കണം. ഹർജിക്കാരി മൃതദേഹം ഏറ്റുവാങ്ങി 4 ദിവസത്തിനകം മതാചാരപ്രകാരം സംസ്കരിക്കണം. സംസ്കാരച്ചടങ്ങിൽ ജോൺസൺ ഫിലിപ്സിനു പങ്കെടുക്കാമെന്നും കോടതി പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
