മുന്‍ പ്രവാസിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഫലം കാണുന്നു

News Desk 03
2 Min Read

ജിദ്ദ: ജിദ്ദയിലെ മുന്‍ പ്രവാസിയും കെഎംസിസി പ്രവര്‍ത്തകനു മായിരുന്ന ജാഫര്‍ നീറ്റു കാട്ടിലിന്റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാവുന്നു. വര്‍ഷങ്ങള്‍ വിദേശത്ത് കഴിഞ്ഞ പലരും തിരിച്ചെത്തിയാല്‍ തന്റെ കുടുംബ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുമ്പോള്‍, നാട്ടുകാര്‍ അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് തന്റെ സോഷ്യല്‍ മീഡിയ വഴിയുള്ള ഇടപെടലിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ജാഫര്‍ നീറ്റുകാട്ടില്‍.

വളാഞ്ചേരി പട്ടണത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്, ടൗണില്‍ പൊതുജനങ്ങള്‍ക്ക് വലിയ ശല്യമായി മാറിയ കെസ്ഇബി യുടെ കേബിൾ വയറുകള്‍, നിരവധി രോഗികള്‍ വരുന്ന കുറ്റിപ്പുറം ഗവ. ആശുപത്രിയിലെ ഒ. പി കൗണ്ടര്‍ പ്രശ്‌നം തുടങ്ങിയ ജനകീയ പ്രശ്നങ്ങളാണ് സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ ചെയതു അധികാരികള്‍ക്ക് മുമ്പില്‍ എത്തിച്ചത്. തന്റെ വിഡിയോ കണ്ട പ്രേക്ഷകരും നാട്ടുകാരും നല്ല പിന്തുണയാണ് നല്‍കിയത് എന്ന് ജാഫര്‍ പറഞ്ഞു. ഇതില്‍ ചിലത് പരിഹരിക്കപ്പെട്ടതായും ബാക്കിയുള്ളവക്ക് വൈകാതെ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇക്കൂട്ടത്തില്‍, മാസങ്ങളായി അടച്ചിട്ടിരുന്ന നിരവധി ആളുകള്‍ ഉപയോഗിക്കുന്ന
വളാഞ്ചേരി ടൗണ്‍ പള്ളിയിലെ ശൗചാലയവും ഉള്‍പ്പെടുന്നു.

രണ്ടര പതിറ്റാണ്ട് ജിദ്ദയില്‍ പ്രവാസിയായിരുന്ന ജാഫര്‍ നീറ്റുകാട്ടില്‍ മൂന്ന്‌ വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കെ എം സി സി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ശേഷവും സാമൂഹ്യ പ്രവര്‍ത്തനം തുടർന്നു. 2025 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ശ്രമിച്ചു. എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വം സീറ്റ്‌ നല്‍കിയില്ല. ഇതേതുടര്‍ന്ന്
നാട്ടുകാരുടെ ആവശ്യ പ്രകാരം സ്വതന്ത്രനായി മത്സരിച്ചു. കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും സാമൂഹ്യ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. അധികാരം ഇല്ലാതെയും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ മുന്‍ പ്രവാസി.

വളാഞ്ചേരി ദ്വീപ് സ്വദേശിയായ ജാഫര്‍ നീറ്റുകാട്ടില്‍ ശിഹാബ് തങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹിയാണ്. പ്രവാസി ആകുന്നതിനു മുമ്പ്‌ എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു.

സോഷ്യല്‍ മീഡിയ വഴി പലരും വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് ജനങ്ങളെ തമ്മില്‍ അകറ്റാനും വിദ്വേഷം വളര്‍ത്താനും ശ്രമിക്കുമ്പോള്‍ നാട്ടുകാരുടെ ജനകീയ വിഷയങ്ങള്‍ സാമൂഹ്യ മാധ്യമം വഴി അധികൃതര്‍ക്ക് മുമ്പില്‍ എത്തിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഈ മുന്‍ ജിദ്ദ പ്രവാസി. അധികാരം ഇല്ലെങ്കിലും തന്റെ നാട്ടുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള പരിശ്രമം തുടരാന്‍ തന്നെയാണ്‌ ഈ മുന്‍ പ്രവാസിയുടെ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!