വിമാന സർവീസുകൾ മുടങ്ങി: മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ

News Desk
1 Min Read

റിയാദ്: റിയാദ് വിമാനത്താവളത്തിലെ സർവീസുകൾ പൊടുന്നനെ നിലച്ചതോടെ, അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികളുടെയും അവധി കഴിഞ്ഞ് മടങ്ങേണ്ടവരുടെയും ജീവിതം വഴിയാധാരമായിരിക്കുകയാണ്. ഇതിലും ദാരുണമാണ് മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദിവസങ്ങൾ  കാത്തിരിക്കേണ്ടിവരുന്ന കുടുംബങ്ങളുടെ അവസ്ഥ.

വീസ കാലാവധിയും തൊഴിൽ നഷ്ട ഭീതിയും നടുക്കവും ചേർന്ന് റിയാദിൽ ഒരു വലിയ മാനുഷിക പ്രതിസന്ധി രൂപപ്പെടുമ്പോൾ, അടിയന്തര ബദൽ കാർഗോ-യാത്രാ സംവിധാനങ്ങളൊരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇന്ത്യൻ എംബസിയും ഉണർന്നു പ്രവർത്തിക്കണമെന്ന മുറവിളി ശക്തമാക്കുകയാണ് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം പോലെയുള്ള സംഘടനകൾ.

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ യാത്രാ-കാർഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് മലയാളി പ്രവാസികളാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവ സർവീസുകൾ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തതോടെ നാട്ടിലേക്ക് വരാനിരുന്നവരും മടങ്ങേണ്ടവരുമായ യാത്രക്കാർ വഴിയാധാരമാകുകയും മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലാകുകയും ചെയ്തിരിക്കുകയാണ്. 

എന്നാൽ സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകളേക്കാൾ അടിയന്തര പരിഗണന അർഹിക്കുന്ന വിഷയമാണ് റിയാദിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധി. റിയാദിൽ നിന്ന് ആവശ്യമായ കാർഗോ വിമാന സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ സൂക്ഷിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്.

നിലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ദമാം അല്ലെങ്കിൽ ജിദ്ദ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ദമാം വഴി സൗകര്യം ലഭിക്കാത്ത പക്ഷം റിയാദിൽ നിന്ന് ജിദ്ദയിലേക്ക് റോഡ് മാർഗം പത്ത് മണിക്കൂറിലധികം യാത്ര ചെയ്ത് മൃതദേഹം എത്തിക്കേണ്ടിവരുന്നത് കുടുംബങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും ഏറെ ദുഷ്കരമാണ്. നിലവിൽ ലഭ്യമായ വിമാനങ്ങളിലെ കാർഗോ സൗകര്യം പരിമിതമായതിനാൽ ഒരേസമയം കൂടുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കഴിയാത്ത സാഹചര്യമുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!