17കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം, അക്രമം

News Desk
1 Min Read

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരനെ പെണ്‍സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് 17കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

17കാരൻ പ്രണയാഭ്യർഥന നടത്തി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വീട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടതോടെ ഇനി പെൺകുട്ടിയെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ അവളുടെ വീടിനടുത്ത് പോകുകയോ ചെയ്യില്ലെന്ന് അവൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആൺകുട്ടി വീണ്ടും പെൺകുട്ടിയുടെ വീടിന് സമീപമെത്തി. ആ സമയത്ത് പെൺകുട്ടിയും അവളുടെ നാല് വയസ്സുകാരൻ സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

പതിനേഴുകാരനെ കണ്ടതോടെ മുത്തശ്ശി അവനോട് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെ അവൻ വീടിന് സമീപത്ത് നിന്ന് പോയെങ്കിലും മിനിറ്റുകൾക്കകം വീണ്ടും എത്തി ആരും അറിയാതെ വീടിനുള്ളിൽ കയറുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ കുടുംബം വീടിന്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന ബുട്ടീക്കിൽ കയറുകയും അവിടെവച്ച് ആത്മഹത്യ ചെയ്തെന്നും പെൺകുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ പതിനേഴുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്നും ആത്മഹത്യയെന്ന് വരുത്തിതീർക്കാനായി കെട്ടിത്തൂക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പതിനേഴുകാരന്റെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ തല്ലിപ്പൊട്ടിക്കുകയും മോഷ്ടിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. പൊലീസുകാരുടെ പരാതിയിൽ സംഭവ സ്ഥലത്തെത്തിയ 9 പേർക്കെതിരെ കേസെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!