അബുദാബി: ഒക്ടോബറിൽ അബുദാബിയിൽനിന്ന് യൂറോപ്പിലേക്ക് പറക്കാമെന്ന് കരുതി ടിക്കറ്റ് എടുത്തവർക്ക് വീണ്ടും കാത്തിരിപ്പ്. വിസ് എയർ അബുദാബിയിൽ നിന്നുള്ള ആറ് യൂറോപ്യൻ സർവീസുകൾ പുനരാരംഭിക്കുന്നത് ജനുവരി 10ലേക്ക് മാറ്റി. ഈ മാസം അവസാനത്തോടെ സർവീസ് തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ക്രാക്കോവ്, കട്ടോവിറ്റ്സ്, സോഫിയ, ക്ലുജ്, ലാർണക, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മാറ്റിയത്. യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ പുതിയ സുരക്ഷാ വിലയിരുത്തലും ഇറാഖ് വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളുമാണ് തീരുമാനത്തിന് കാരണം. ഇറാഖ് വ്യോമാതിർത്തി ഒഴിവാക്കി കൂടുതൽ ദൂരം പറക്കേണ്ടിവരുന്നതും എയർബസ് എ321നിയോ വിമാനങ്ങൾക്ക് വഴിയിൽ ഇന്ധനം നിറയ്ക്കേണ്ടിവരുന്നതും നിലവിലെ ഇന്ധനവിലയിൽ സർവീസ് ബാധ്യതയാകുമെന്നും വിസ് എയർ അറിയിച്ചു.
ഈ മാസാവസാനം സർവീസ് പുനരാരംഭിക്കുമെന്ന് സെപ്റ്റംബർ ആദ്യവാരം പ്രഖ്യാപിച്ചതിനെ തുടർന്നാണ് പലരും ടിക്കറ്റ് എടുത്തത്. പുതിയ മാറ്റത്തോടെ ഇവർക്ക് യാത്രാ പദ്ധതികൾ വീണ്ടും ക്രമീകരിക്കേണ്ടിവരും. ടിക്കറ്റെടുത്ത യാത്രക്കാരെ നേരിട്ട് അറിയിച്ച് തുടർ യാത്രാ മാർഗങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചു. വിസ് എയറിന് പിന്നാലെ മറ്റ് വിമാനക്കമ്പനികളും പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുകയാണ്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
