ദുബൈ: മേഖലയിലെ സുരക്ഷാ ഭീഷണി വർധിച്ച സാഹചര്യത്തിൽ, സഊദി വ്യോമാതിർത്തിയുടെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ വിമാന സർവീസ് നടത്തിപ്പുകാരോട് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നിർദ്ദേശം നൽകി. ‘കോൺഫ്ലിക്റ്റ് സോൺ ഇൻഫർമേഷൻ ബുള്ളറ്റിൻ’ വഴിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
നവംബർ 16 വരെ പ്രാബല്യത്തിലുള്ള ഈ ബുള്ളറ്റിൻ പ്രകാരം, ജിദ്ദ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR Jeddah) അതിർത്തിയോട് ചേർന്നുള്ള നിശ്ചിത മേഖലയിൽ ഏത് ഉയരത്തിലും (flight levels) വിമാനങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് നിർദ്ദേശിക്കുന്നു. യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളോട് അടുത്തുകിടക്കുന്നതിനാൽ സഊദി അറേബ്യയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ വ്യോമമേഖലകൾക്ക് പ്രത്യേകിച്ചും ഭീഷണിയുണ്ടെങ്കിലും, രാജ്യത്തിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താനുള്ള ഹൂതികളുടെ ശേഷിയും ഉദ്ദേശ്യവും സമീപകാല ആക്രമണങ്ങൾ തെളിയിക്കുന്നതായി ഏജൻസി വ്യക്തമാക്കി.
റിയാദ്, തബൂക്ക്, യാൻബു എന്നീ പ്രദേശങ്ങൾ ആക്രമണങ്ങൾ ബാധിച്ചവയിൽ ഉൾപ്പെടുന്നുവെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനവും സിവിൽ വിമാനങ്ങളെ തെറ്റായി തിരിച്ചറിയാനുള്ള സാധ്യതയും, അതുപോലെ വിമാനങ്ങളെ തടയാനോ തകർക്കാനോ ഉള്ള ശ്രമങ്ങൾ മൂലവും അവശിഷ്ടങ്ങൾ വീഴുന്നത് മൂലവുമുള്ള അപകടസാധ്യതകളും വർദ്ധിപ്പിക്കുന്നുവെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.
സഊദി വ്യോമമേഖലയിലെ നിശ്ചിത ഭാഗങ്ങളിൽ, പ്രത്യേകിച്ച് മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി കൂടുതലുള്ള പ്രദേശങ്ങളിൽ, ഏത് ഉയരത്തിലും വിമാനം പറത്തുന്നത് ഒഴിവാക്കാൻ വിമാന ഓപ്പറേറ്റർമാരോട് ഏജൻസി നിർദ്ദേശിച്ചു.
ജിദ്ദ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ വ്യോമയാന നാവിഗേഷൻ പോയിന്റുകൾ ഉപയോഗിച്ചാണ് നിയന്ത്രിത മേഖല നിർവചിച്ചിരിക്കുന്നത്; അതേസമയം, സഊദി വ്യോമമേഖലയുടെ ബാക്കി ഭാഗങ്ങളിലും ജാഗ്രത പാലിക്കാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജിദ്ദ FIR-ന്റെ ബാക്കി ഭാഗങ്ങളിൽ പറക്കുമ്പോൾ ജാഗ്രത പാലിക്കാനും, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മികച്ച ആസൂത്രണം (contingency planning) നിലനിർത്താനും ഏജൻസി നിർദ്ദേശിച്ചു. സഊദി പ്രദേശത്തിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന്, സിവിൽ വിമാനങ്ങളെ തെറ്റിദ്ധരിച്ച് ആക്രമിക്കാനുള്ള സാധ്യത, മിസൈൽ-ഡ്രോൺ സാന്നിധ്യം, വിമാനങ്ങളെ തടയാനുള്ള നീക്കങ്ങൾ, അവശിഷ്ടങ്ങൾ താഴെ വീഴാനുള്ള സാധ്യത എന്നിവ വർധിച്ചതായി EASA ചൂണ്ടിക്കാട്ടി.
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷത്തിന്റെ ഫലമായി മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ അസ്ഥിരമായി തുടരുകയാണെന്നും ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
