കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം; നിയന്ത്രണമില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

News Desk
1 Min Read

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലുള്ള പ്രവേശനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ വിഷയം പരിഹരിച്ചില്ലെങ്കില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗത്തില്‍ സുരക്ഷാ നടപടികള്‍ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

18 വയസ്സ് എന്ന കുറഞ്ഞ പ്രായപരിധി ലംഘിക്കപ്പെടാത്ത രീതിയില്‍ അംഗത്വ നടപടികള്‍ ക്രമീകരിക്കാന്‍ സാമൂഹികമാധ്യമ കമ്പനികള്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ‘സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറി റൂള്‍സ്’ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ബഞ്ച് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോടും ആവശ്യപ്പെട്ടു.

വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 79ാം വകുപ്പ് പ്രയോഗിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വിഷയം പ്രാഥമികമായി ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

എന്നാല്‍, നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് സാമൂഹിക അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് മാതാപിതാക്കളുടെ അനുമതി വേണമെന്ന്, കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ ‘ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റൂള്‍സ് 2025’ല്‍ വ്യവസ്ഥ ചെയ്തിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!