റിയാദ്: സഊദി അറേബ്യക്ക് നേരെ ഹൂതികളുടെ കടുത്ത ആക്രമണം. യമനിലെ ഹൂതി വിമതർ സഊദി അറേബ്യയ്ക്ക് നേരെ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സഊദി വ്യോമപ്രതിരോധ സേന തകർത്തു. യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കിയാണ് ഇക്കാര്യം അറിയിച്ചത്.
സഊദിയിലെ പ്രമുഖ നഗരങ്ങളായ തായിഫ്, യാംബു എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമം നടത്തിയത്. എന്നാൽ സഊദി വ്യോമ പ്രതിരോധ സംവിധാനം ഇവയെ വിജയകരമായി പരാജയപ്പെടുത്തുകയും മിസൈലുകൾ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുമ്പ് തകർക്കുകയുമായിരുന്നുവെന്ന് അൽ മാലിക്കി പറഞ്ഞു.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും രാജ്യത്തെ ലക്ഷ്യമിട്ട് സമീപകാലത്തായി നടക്കുന്ന അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് സഊദി സേനയുടെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടായത്.
അതിനിടെ, ജിദ്ദ, മക്ക, ത്വായിഫ്, യാംബു, തബൂക് എന്നിവിടങ്ങളിൽ വ്യോമാക്രമണ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം’ വഴി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഹൂതികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളും സാധാരണക്കാരുടെ ജീവനും പ്രാദേശിക സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് അൽ മാൽക്കി ചൂണ്ടിക്കാട്ടി. ഇത്തരം ഭീകരപ്രവർത്തനങ്ങളെയും നിയമലംഘനങ്ങളെയും രാജ്യം കർശനമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയെങ്കിലും അതിർത്തി പ്രദേശങ്ങളിലും പ്രധാന നഗരങ്ങളിലും പ്രതിരോധ ഏജൻസികളുടെ നിരീക്ഷണവും സുരക്ഷാ പരിശോധനകളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണികൾ നേരിടുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട സഊദി ഭരണകൂടവും സുരക്ഷാ ഏജൻസികളും നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പൂർണ്ണമായും പാലിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളായ താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
